
സിനിമയിൽ അഭിനയിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ; പോക്സോ കേസിൽ കങ്ങഴ സ്വദേശിയ്ക്ക് 136 വർഷം കഠിനതടവും പിഴയും ; ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 136 വർഷം കഠിനതടവും 1,97,500രൂപ പിഴയും. കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്ത് മടുക്കക്കുഴി വീട്ടിൽ റെജി എം.കെ (52) എന്നയാളെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ ) ശിക്ഷിച്ചത്.
ജഡ്ജ് റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴ അടച്ചാൽ 1,75,000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്റ്റിലെയും, വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 മെയ് 31 നായിരുന്നു കേസിനാസ്പദമായ സംഭവം.
സിനിമാ ഷൂട്ടിങ്ങിനിടയിൽ ഷൂട്ടിങ്ങിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ വച്ച് സിനിമയിൽ അഭിനയിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ആയിരുന്ന റിച്ചാർഡ് വർഗീസ് കേസ് രജിസ്റ്റർ ചെയ്യുകയും, പിന്നീട് തിടനാട് എസ്.എച്ച്.ഓ ആയിരുന്ന പി.ജി രാജേഷ് തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് തിടനാട് എസ്.എച്ച്.ഓ ആയിരുന്ന പ്രശോക് കെ.കെ ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യിൽ ഹാജരായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
