പോക്‌സോ കേസിൽ ചെയ്യരുതാത്തതെല്ലാം ചെയ്തു ; കേസ് സാമ്പത്തിക നേട്ടത്തിനായി അട്ടിമറിച്ചു : തെളിവ് നശിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച പാലക്കാട് ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പിയ്ക്ക് സസ്‌പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ഒൻപതുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും കേസ് തേച്ചുമായ്ച്ചു കളയാൻ ശ്രമിക്കുകയും ചെയ്ത പാലക്കാട് ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി: മനോജ് കുമാറിന് സസ്‌പെൻഷൻ.

മണ്ണാർക്കാട് പൊലീസ് സ്‌റ്റേഷനിൽ 2015 ൽ എസ്.ഐ. ആയിരിക്കെ മനോജ് കുമാർ അന്വേഷിച്ച കേസിലാണ് തെളിവു നശിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നത്. കേസിൽ ഒരു അന്വേഷണോദ്യോഗസ്ഥൻ എന്തെല്ലാമാണ് ചെയ്തുകൂടാത്തത് അതെല്ലാം പ്രതികളെ രക്ഷിക്കാൻവേണ്ടി മനോജ് കുമാർ ചെയ്‌തെന്നാണ് സസ്‌പെൻഷൻ ഉത്തരവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളിൽനിന്ന് കൈക്കൂലി വരെ വാങ്ങിയായിരിക്കാം അവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചതെന്നും കുറ്റപ്പെടുത്തി. മാത്രമല്ല ഒൻപതുകാരിയെ തിരിച്ചറിയുന്ന തരത്തിൽ പരസ്യമായി പ്രദർശിപ്പിച്ച് മാനസികമായി പീഡിപ്പിക്കുകയും ചെയതുവെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.

മാത്രമല്ല മലപ്പുറം സ്വദേശികളായ പ്രതികൾ പാലക്കാട്ടെത്തി ഇരയെ പീഡിപ്പിച്ചുവെന്ന് കേസിൽ തെളിയിക്കാനുള്ള എല്ലാ രേഖകളും മനോജ് കുമാർ നശിപ്പിക്കുകയും ചെയ്തു. മാത്രമല്ല ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ, ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയൊന്നും പിടിച്ചെടുത്തില്ല. ഇരയുടെ വസ്ത്രങ്ങൾ ശേഖരിക്കാനോ അതു സംബന്ധിച്ച വിവരങ്ങൾ കേസന്വേഷണ റിപ്പോർട്ടിൽ ചേർക്കാനോ മനോജ് തയാറായില്ല.

പ്രതികളുടെ സ്‌റ്റേറ്റ്‌മെന്റ് എടുത്തെങ്കിലും അത് സി.ഡി. ഫയലിൽ ചേർത്തില്ല. പെൺകുട്ടിയുടെ വയസ് തെളിയിക്കാനുള്ള രേഖ പോലും ഇയാൾ കോടതിയിൽ ഹാജരാക്കിയില്ല.