
പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി ട്രെയിനിൽ നിന്ന് ചാടിപ്പോയി ; എസ്.ഐ. ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്കെതിരെ നടപടി ; വകുപ്പുതല അന്വേഷണം തുടരും ; പ്രാഥമികാന്വേഷണത്തില്‍ നാലുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
സ്വന്തം ലേഖകൻ
കോഴിക്കോട്: പോക്‌സോ കേസില്‍ അറസ്റ്റിലായ അസം സ്വദേശി ട്രെയിനിൽ നിന്ന് കടന്നുകളഞ്ഞ സംഭവത്തില്‍ എസ്.ഐ. ഉള്‍പ്പെടെയുള്ള നാല് പോലീസുകാര്‍ക്കെതിരേ നടപടി. അസം മജിയോണ്‍ ലാല്‍പ്പെട്ടയില്‍ നസീദുല്‍ ഷെയ്ഖ് (23) ആണ് നവംബര്‍ എട്ടിന് ബിഹാറില്‍വെച്ച് തീവണ്ടിയില്‍നിന്ന് ചാടിരക്ഷപ്പെട്ടത്. രക്ഷപ്പെട്ട ഇയാളെ പിന്നീട് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥരായ നല്ലളം എസ്.ഐ. പി.കെ. അബാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ (എസ്.സി.പി.ഒ.) പി. മുഹമ്മദ്, കെ. പ്രവീണ്‍കുമാര്‍, പി. സജീഷ് എന്നിവര്‍ക്കെതിരേയാണ് നടപടി. എസ്.ഐ. അബ്ബാസിനെ കാസര്‍കോട്ടേക്കു സ്ഥലംമാറ്റി. സിറ്റി പോലീസ് കമ്മിഷണര്‍ ടി. നാരായണന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. രാജ്പാല്‍ മീണയാണ് എസ്.ഐ.ക്കെതിരേ നടപടിയെടുത്തത്. മൂന്ന് എസ്.സി.പി.ഒ.മാരെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്. ഇവര്‍ക്കെതിരേ വകുപ്പുതല അന്വേഷണം തുടരുകയാണ്. നേരത്തേ രഹസ്യാന്വേഷണവിഭാഗം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ നാലുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ ബിഹാറിലെ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്താറായപ്പോള്‍ കക്കൂസിലേക്കു പോകണമെന്നു പറഞ്ഞ് കൈയാമം അഴിപ്പിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങളാണ് ഇയാളുടെ പേരിലുള്ളത്.