
ആലപ്പുഴ: പിഎം ശ്രീ പദ്ധതി സംബന്ധിച്ച നിലപാട് തീരുമാനിക്കാൻ നിർണ്ണായകമായ സിപിഐ എക്സിക്യൂട്ടീവ് യോഗം ഇന്ന് ആലപ്പുഴയില്‍ ചേരും.
കരാറില്‍ നിന്ന് പിന്മാറണമെന്ന പാർട്ടി ആവശ്യം വിദ്യാഭ്യാസ വകുപ്പും സിപിഎമ്മും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. അതേസമയം, പ്രതിസന്ധി പരിഹരിക്കാനായി സിപിഎം സമവായ നീക്കങ്ങള്‍ ഊർജ്ജിതമാക്കി.
രാവിലെ അടിയന്തരമായി ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിലവിലെ സാഹചര്യം വിലയിരുത്തും. സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകള്‍ യോഗത്തില്‍ ചർച്ചയാകും. വിദേശ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും ഇന്ന് ആലപ്പുഴയിലെത്തുന്നുണ്ട്. മുഖ്യമന്ത്രി ഇന്ന് ബിനോയ് വിശ്വത്തെ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചു.
മന്ത്രിസഭയെ നോക്കുകുത്തിയാക്കി, മുന്നണി മര്യാദകള്‍ ലംഘിച്ച് ചർച്ച ചെയ്യാതെയാണ് പിഎം ശ്രീ കരാർ ഒപ്പിട്ടതെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. മന്ത്രിമാരെ കാബിനറ്റ് യോഗത്തില്‍ നിന്ന് പിൻവലിക്കുക, രാജിവെപ്പിക്കുക തുടങ്ങിയ കടുത്ത നിർദ്ദേശങ്ങളാണ് കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉയർന്നത്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ കടുത്ത നിലപാടിലേക്ക് നീങ്ങാനാണ് സാധ്യതയെങ്കിലും പാർട്ടി മുന്നണി വിടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഎം ശ്രീ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സമവായ സാധ്യതകള്‍ തേടി സിപിഎം ഇന്ന് തിരുവനന്തപുരത്ത് അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാനാണ് സിപിഎം ശ്രമം.




