
ദില്ലി: ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക പൊതുസഭയുടെ ഉന്നതതല സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. സമ്മേളനത്തിൽ സംസാരിക്കുന്ന പ്രഭാഷകരുടെ പുതുക്കിയ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടിട്ടില്ല. അമേരിക്കയിൽ സെപ്റ്റംബർ 9 ന് ആരംഭിക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ 80-ാമത് സെഷനിൽ സെപ്റ്റംബർ 23 മുതൽ 29 വരെയാണ് ഉന്നതതല പൊതുചർച്ച നടക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സെപ്റ്റംബർ 23 ന് ഈ വേദിയിൽ നിന്ന് ലോക നേതാക്കളെ അഭിസംബോധന ചെയ്യും. വൈറ്റ് ഹൗസിലെ തന്റെ രണ്ടാം ടേമിലെ യുഎൻ സമ്മേളനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രസംഗമാണിത്.
പ്രഭാഷകരുടെ പുതുക്കിയ താൽക്കാലിക പട്ടിക പ്രകാരം, ഇന്ത്യയെ പ്രതിനിധീകരിച്ച് സെപ്റ്റംബർ 27 ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് സംസാരിക്കുക. ജൂലൈയിൽ പുറത്തിറക്കിയ പ്രഭാഷകരുടെ താത്കാലിക പട്ടിക പ്രകാരം സെപ്തംബർ 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുചർച്ചയെ അഭിസംബോധന ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ഇസ്രായേൽ, ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ തലവന്മാർ സെപ്റ്റംബർ 26 ന് ഈ ചർച്ചയിൽ സംസാരിക്കും. അതേസമയം പൊതുചർച്ചയ്ക്കുള്ള പ്രഭാഷകരുടെ പട്ടികയിൽ ഇനിയും മാറ്റം വരാനുള്ള സാധ്യതയുണ്ട്.
അമേരിക്കയിൽ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട സമ്മേളനങ്ങളിലൊന്നാണ് ആ ചർച്ച. ഇസ്രായേൽ-ഹമാസ് യുദ്ധത്തിനും ഉക്രെയ്ൻ സംഘർഷത്തിനും ഇടയിൽ നടക്കുന്ന സമ്മേളനത്തിന് വലിയ പ്രാധാന്യവുമുണ്ട്. സെപ്റ്റംബർ 24 ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഒരു കാലാവസ്ഥാ ഉച്ചകോടി വിളിച്ചിട്ടുണ്ട്. ക്ലീൻ എനർജിയുമായി ബന്ധപ്പെട്ട ചർച്ചയിൽ ലോകനേതാക്കൾ പങ്കെടുക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുവെന്ന പേരിൽ ഇന്ത്യക്ക് മേൽ അമേരിക്ക അധിക തീരുവ ചുമത്തിയതും അതേച്ചൊല്ലി ബന്ധം അകന്നതുമാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് നയിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group