video
play-sharp-fill

Saturday, May 24, 2025
HomeMainപ്രധാനമന്ത്രി മോദി മെയ് 1 ന് വിഴിഞ്ഞത്തെത്തും; രാത്രി താമസം രാജ്യഭവനിൽ, എത്തുക പ്രത്യേക ഹെലികോപ്റ്ററിൽ...

പ്രധാനമന്ത്രി മോദി മെയ് 1 ന് വിഴിഞ്ഞത്തെത്തും; രാത്രി താമസം രാജ്യഭവനിൽ, എത്തുക പ്രത്യേക ഹെലികോപ്റ്ററിൽ ; കടല്‍പരിധിയില്‍ നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സൈനിക കപ്പലുകളെ വിന്യസിക്കും; ആകാശ നിരീക്ഷണത്തിനും സൈനിക വിമാനങ്ങള്‍; പഴുതടച്ച സുരക്ഷയിലേക്ക് തിരുവനന്തപുരം

Spread the love

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് ഒന്നിന് തിരുവനന്തപുരത്ത് എത്തും. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനായി എത്തുന്ന മോദി രാജ്ഭവനില്‍ താമസിക്കും. രണ്ടിന് ഉച്ചയ്ക്ക് 12 മണിക്കാണ് വിഴിഞ്ഞും തുറമുഖത്തിന്റെ കമ്മീഷനിംഗ്. പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് എസ് പി ജി സുരക്ഷ തിരുവനന്തപുരത്ത് ഉടനീളം ഒരുക്കും. വ്യാഴവും വെള്ളിയും തിരുവനന്തപുരത്തിന്റെ വ്യോമ-കടല്‍ മേഖലകളും സൈനിക നിരീക്ഷണത്തിലാകും. പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും കാരണം സമാനതകളില്ലാത്ത നിരീക്ഷണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കും. മോദിയില്‍ നിന്നും കേരളം ഏറെ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര ഇന്റലിജന്‍സും മോദിയുടെ വരവുമായി ബന്ധപ്പെട്ട് അതീവ ജാഗ്രതയിലാണ്. തിരുവനന്തപുരത്ത് അടിക്കടി ഉണ്ടാകുന്ന വ്യാജ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്തെ പരിപാടി അടക്കം അലങ്കോലമാകാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കും. അനാവശ്യമായി ഒരാളേയും യോഗ സ്ഥലത്തേക്ക് കടത്തി വിടില്ല. അടിയന്തര സാഹചര്യത്തില്‍ മോദിയുടെ യാത്രാ പരിപാടികള്‍ മാറും. അങ്ങനെ വന്നാല്‍ ഉദ്ഘാടനത്തിന് തൊട്ടു മുമ്പ് തിരുവനന്തപുരത്ത് എത്തുന്ന ക്രമീകരണങ്ങളിലേക്ക് കാര്യങ്ങള്‍ മാറും. ജ്യത്തിന്റെ വ്യാവസായികചരിത്രത്തില്‍ മുന്‍പന്തിയില്‍ ഇടംപിടിക്കാനൊരുങ്ങുന്ന വമ്പന്‍ വികസനപദ്ധതികളിലൊന്നാണ് വിഴിഞ്ഞം തുറമുഖം. പ്രവര്‍ത്തനസജ്ജമായി നാലുമാസത്തിനുള്ളില്‍ത്തന്നെ ദക്ഷിണേഷ്യയിലെ മുന്‍നിര തുറമുഖങ്ങളോടു കിടപിടിക്കുന്ന പ്രകടനമാണ് വിഴിഞ്ഞത്തിന്റേത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കുന്ന ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിനു തുറമുഖത്ത് പോലീസിന്റെയും എസ്പിജിയുടെയും നേതൃത്വത്തില്‍ കനത്ത സുരക്ഷയൊരുക്കും. വിഴിഞ്ഞം തുറമുഖപരിധിയിലുള്ള കടലിന്റെ വിസ്തൃതമായ പരിധിയിലും തിരുവനന്തപുരം ജില്ലയുള്‍പ്പെട്ട വിമാനത്താവള പരിധിയിലും വിഴിഞ്ഞം തുറമുഖത്തിന്റെയും കടല്‍-ആകാശ പരിധിയില്‍ നിരീക്ഷണവും കനത്ത സുരക്ഷയും ഏര്‍പ്പെടുത്തും. കടല്‍പരിധിയില്‍ നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സൈനിക കപ്പലുകളെ വിന്യസിക്കും. ആദ്യമായാണ് വിഴിഞ്ഞം കടലിന്റെ പരിധിയില്‍ വിവിധ സൈനിക വിഭാഗങ്ങളുടെ കപ്പലുകള്‍ ഒരുമിച്ചെത്തുക. ആകാശനിരീക്ഷണത്തിനായി വ്യോമസേനയുടെയും നാവികസേനയുടെയും സൈനികവിമാനങ്ങളും ഉണ്ടാകും. നാവികസേനയുടെ ഒരു സൈനിക കപ്പല്‍ വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ട്രയല്‍ റണ്‍ 30ന് നടക്കും. മേയ് ഒന്നിനു തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍ തങ്ങി രണ്ടിനു രാവിലെ 11ന് എയര്‍ഫോഴ്‌സിന്റെ പ്രത്യേക ഹെലികോപ്റ്ററില്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇറങ്ങും. മൂന്നു ഹെലിപാഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാനും നിരീക്ഷിക്കാനുമായി ഡല്‍ഹിയില്‍ നിന്നുള്ള എസ്പിജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) വിഴിഞ്ഞം തുറമുഖത്ത് എത്തി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഹെലിപാഡുകള്‍, കമ്മിഷനിങ് ചടങ്ങ് നടക്കുന്ന ബെര്‍ത്ത്, ഉദ്ഘാടനയോഗം നടക്കുന്ന വേദി എന്നിവ സന്ദര്‍ശിച്ചു നിര്‍ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മോദിയ്ക്കായി പോര്‍ട്ട് ഓപ്പറേഷന്‍ മന്ദിരം (പിഒബി), മുഖ്യ പ്രവേശന കവാടം എന്നിവിടങ്ങളിലാണു പ്രധാന ഹെലിപാഡുകള്‍ ഒരുക്കിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ പിഒബിക്കു സമീപത്തെ ഹെലിപാഡിനാണു മുന്‍ഗണന. അടിയന്തര ലാന്‍ഡിങ്ങിനായി വലിയ കടപ്പുറത്തും ഹെലിപാഡ് ഉണ്ടാകും. തുറമുഖത്ത് എത്തുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്ന് പിഒബി മന്ദിരത്തില്‍ എത്തി കംപ്യൂട്ടര്‍ നിയന്ത്രിത തുറമുഖ പ്രവര്‍ത്തനം വീക്ഷിക്കും. പിന്നീട് ബെര്‍ത്തില്‍ കമ്മിഷനിങ് നിര്‍വഹിച്ചശേഷം വേദിയിലെത്തി പ്രസംഗിക്കും. ഉദ്ഘാടനവേദി പ്രധാന കവാടത്തിനു സമീപം സജ്ജമാക്കുന്ന ജോലി തുടങ്ങി. പതിനായിരത്തോളം പേരെയാണ് ഉദ്ഘാടനച്ചടങ്ങിനു പ്രതീക്ഷിക്കുന്നത്.

നേരത്തേ വിഴിഞ്ഞത്തിന് വിജിഎഫ് നല്‍കുന്നതിലുള്‍പ്പെടെ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കേന്ദ്രനിബന്ധനകള്‍ക്കെതിരേ സംസ്ഥാനം ഔദ്യോഗികമായി പ്രതിഷേധവും അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ധാരണയില്‍നിന്ന് വ്യതിചലിക്കാന്‍ കേന്ദ്രം തയ്യാറായില്ല.

തുടര്‍ന്ന് ആദ്യത്തെ കരാര്‍പ്രകാരംതന്നെ 817 കോടിയുടെ വിജിഎഫ് വാങ്ങാന്‍ സംസ്ഥാനം കരാര്‍ ഒപ്പിടുകയായിരുന്നു. അതിനുശേഷമാണ് പ്രധാനമന്ത്രിതന്നെ തുറമുഖസമര്‍പ്പണത്തിനായി വിഴിഞ്ഞത്ത് എത്തുന്നത്. വിഴിഞ്ഞം തുറമുഖത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാകും ചടങ്ങ് നടക്കുക.

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിനാണ് ചടങ്ങ് നടത്തുന്നതിന്റെ ചുമതല. കഴിഞ്ഞ ജൂലായിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ ആരംഭിച്ചത്. തുറമുഖത്തെത്തിയ സാന്‍ ഫെര്‍ണാണ്‍ഡോയെന്ന കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്തത്.

ഡിസംബറില്‍ തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തനവും തുടങ്ങി. ഇക്കാലയളവില്‍ ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളില്‍ ചിലത് വിഴിഞ്ഞത്തെത്തി.

പിപിപി മാതൃകയില്‍ 7,700 കോടിയുടെ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയായ വിഴിഞ്ഞം രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖംകൂടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡുമായി (വിസില്‍) ചേര്‍ന്ന് അദാനി ഗ്രൂപ്പിനാണ് തുറമുഖത്തിന്റെ നിര്‍മാണത്തിന്റെയും നടത്തിപ്പിന്റെയും ചുമതല. തുറമുഖത്തിന്റെ ഭാഗമായി റെയില്‍, റോഡ് കണക്ടിവിറ്റി പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ കടല്‍വഴി ഏറ്റവും കൂടുതല്‍ ചരക്കുനീക്കം നടക്കുന്ന അന്തര്‍ദേശീയ കപ്പല്‍പ്പാതയുടെ 10 നോട്ടിക്കല്‍മൈല്‍ അടുത്ത് സ്ഥിതിചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് 20 മീറ്റര്‍ സ്വഭാവിക ആഴവുമുണ്ട്. 2015-ന് ഓഗസ്റ്റ് 17-നാണ് വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനു കരാര്‍ ഒപ്പിട്ടത്. ഡിസംബര്‍ 5-ന് തറക്കല്ലിട്ട് നിര്‍മാണവും തുടങ്ങി. അഞ്ചുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 2024-ല്‍ പദ്ധതി പൂര്‍ത്തിയായി. 10000 കോടി നിക്ഷേപം വേണ്ടിവരുന്ന തുറമുഖത്തിന്റെ രണ്ടുംമൂന്നുംഘട്ട നിര്‍മാണവും അദാനി ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments