പ്ലസ് വണ്‍ പ്രവേശനത്തിന് ജൂലൈ പതിനൊന്ന് മുതല്‍ അപേക്ഷിക്കാം; ഏഴ് ജില്ലകളില്‍ 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.
ജൂലൈ 11 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ 18 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21-ന് ട്രെയല്‍ അലോട്ട്മെൻ്റ് നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ അലോട്ട്മെൻ്റ് ജൂലൈ 27-ന്. ആദ്യഘട്ടത്തിലെ അവസാന അലോട്ട്മെൻ്റ് ആഗസ്റ്റ് 11-ന് നടക്കും. ഇതോടെ ഭൂരിഭാഗം സീറ്റുകളിലും അഡ്മിഷന്‍ നല്‍കി ആഗസ്റ്റ് 17-ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ തുടങ്ങാനാവും. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2022 സെപ്തംബര്‍ 30 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.
പ്ലസ് വണ്‍ അഡ്മിഷന് മുന്നോടിയായി ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് നടപ്പാക്കും.
ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 % കൂടി വര്‍ധിപ്പിക്കും. കൊല്ലം, എറണാകുളം, തൃശ്ശ്യൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് നടപ്പാക്കും.
സ്‌പോര്‍ട്ട്‌സ് ക്വാട്ട അഡ്മിഷന്‍ രണ്ട് ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ സംവിധാനത്തില്‍ ആയിരിക്കും. ആദ്യ ഘട്ടത്തില്‍ സ്‌പോര്‍ട്ട്‌സില്‍ മികവ് നേടിയ വിദ്യാര്‍ഥികള്‍ അവരുടെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ അതാത് ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
രണ്ടാം ഘട്ടത്തില്‍ പ്ലസ് വണ്‍ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂള്‍/കോഴ്‌സുകള്‍ ഓപ്ഷനായി ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.