
തമിഴ്നാട്: തൂത്തുക്കുടിയില്‍ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാഷ്ട്രീയ വിവാദം.
കുളത്തൂരിനടുത്തുള്ള ഗ്രാമത്തില്‍ ബുധനാഴ്ചയാണ് മൃതശരീരം കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും ഗ്രാമവാസികളും പ്രതിഷേധ പ്രകടനം നടത്തി.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് പെണ്‍കുട്ടി പുറത്തേക്കുപോയത്. തിരികെ എത്താത്തതിനെത്തുടർന്ന് കുളത്തൂർ പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കൾ പരാതി നൽകി. എന്നാല്‍ പുതുതായി നിയമിതനായ ഇൻസ്‌പെക്ടർ ബുധനാഴ്ച മാത്രമെ ചുമതലയേല്‍ക്കൂ എന്നതിനാല്‍ വിലാത്തികുളം വനിതാ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ പറഞ്ഞു

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ വിലാത്തികുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പരാതി ഗൗരവമായി എടുത്തില്ല. കുട്ടിയുടെ മാതാപിതാക്കളെ അപമാനിക്കുകയും ചെയ്തു. കുടുംബം വിലാത്തികുളം എം.എല്‍.എ ജി.വി. മാർക്കണ്ഡേയനെ സമീപിച്ചു, അദ്ദേഹം പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിച്ചു.
എസ്.പി.യുടെ നിർദ്ദേശപ്രകാരം ബുധനാഴ്ച രാവിലെ കേസ് രജിസ്റ്റർ ചെയ്യുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് 3 മണിയോടെ, വീട്ടില്‍ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള മുള്ളുകള്‍ക്കിടയില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും കഴുത്തില്‍ പോറലുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലൈംഗികാതിക്രമമാണോ എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
തിരഞ്ഞെടുപ്പുകൂടി അടുത്ത വേളയില്‍ സംഭവത്തെ സർക്കാരിനെതിരെയുള്ള ആയുധമാക്കി പ്രതിപക്ഷപാർട്ടികള്‍ മാറ്റിയിട്ടുണ്ട്. തൂത്തുക്കുടി എം.പിയും ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ കനിമൊഴി കരുണാനിധി തന്റെ എക്സ് പോസ്റ്റില്‍, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്നും പറഞ്ഞു. അതേ സമയം പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി, ടി.വി.കെ അദ്ധ്യക്ഷൻ വിജയ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ, പി.എം.കെ നേതാവ് രാമദാസ് ഉള്‍പ്പെടെയുള്ളവർ ആഭ്യന്തരവകുപ്പിന്റെ കഴിവുകേടാണ് കൊലപാതകത്തിനു കാരണമെന്ന് ആരോപിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തെളിവുകള്‍ ശേഖരിക്കാൻ വിരലടയാള വിദഗ്ധരെയും സ്നിഫർ ഡോഗിനെയും നിയോഗിച്ചു.



