play-sharp-fill
പ്ലസ് വൺ രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂൺ ഒന്നിന് വൈകിട്ട് നാലുവരെ

പ്ലസ് വൺ രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂൺ ഒന്നിന് വൈകിട്ട് നാലുവരെ

സ്വന്തംലേഖിക

തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ജൂൺ ഒന്നിന് വൈകിട്ട് നാല് വരെ പ്രവേശനം നേടാം. 24ന് പ്രസിദ്ധീകരിച്ച ആദ്യ അലോട്ട്മെന്റിൽ 2,00,842 പേർ പ്രവേശനം നേടിയിരുന്നു. ശേഷിച്ച 42,471 സീറ്റിലേക്കുള്ള പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെന്റ് ആണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. കൂടുതൽ വിവരങ്ങൾ hscap.kerala.gov.in ൽ.
രണ്ടാം അലോട്ട്മെന്റിൽ സ്ഥിരപ്രവേശനം മാത്രമാണുള്ളത്. പിന്നീട് കോംബിനേഷൻ മാറ്റത്തിനും സ്‌കൂൾ മാറ്റത്തിനും പരിഗണിക്കും.ഈ ഘട്ടത്തിൽ സർക്കാർ അധികമായി അനുവദിച്ച 20 ശതമാനം സീറ്റുകളിലേക്കും പ്രവേശനം ആരംഭിക്കും. താത്കാലിക പ്രവേശനത്തിൽ തുടരുന്ന വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിറുത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. അതിനാൽ രണ്ടാമത്തെ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അതത് സ്‌കൂളുകളിൽ ഫീസടച്ച് സ്ഥിരപ്രവേശനം നേടണമെന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അറിയിച്ചു. സ്പോർട്‌സ് ക്വാട്ട സ്പെഷ്യൽ രണ്ടാം അലോട്ട്മെന്റ് റിസൾട്ടും ഇന്നലെ പ്രസിദ്ധീകരിച്ചു. ജൂൺ മൂന്നിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.നേരത്തെ അപേക്ഷ നൽകാൻ കഴിയാതിരുന്ന എല്ലാ വിദ്യാർത്ഥികൾക്കുമായി സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂൺ 12 മുതൽ അപേക്ഷ സ്വീകരിക്കും. ഇതുവരെ അലോട്ട്മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവർക്ക് നിലവിലുള്ള അപേക്ഷ പുതുക്കി ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ നല്കാം.