play-sharp-fill
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ദൗർഭാഗ്യകരം; പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ദൗർഭാഗ്യകരം; പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: മലപ്പുറം പരപ്പനങ്ങാടിയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം തികച്ചും ദൗർഭാഗ്യകരമാണെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി

ആത്മഹത്യയുടെ കാരണം എന്താണെന്ന് സംബന്ധിച്ച്‌ പൊലീസില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച്‌ കുട്ടിക്ക് പ്ലസ് വൺ സീറ്റ് ലഭിക്കാതിരിക്കുന്ന പ്രശ്‌നം ഇല്ല എന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് മാത്രമാണ് പൂർത്തിയായിട്ടുള്ളത്. രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഇന്നു മുതല്‍ ആരംഭിക്കുകയാണ്. കമ്മ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനവും ഇന്നു മുതലാണ് ആരംഭിക്കുന്നത്.


മിക്കവാറും എല്ലാവർക്കും മൂന്നാമത്തെ അലോട്ട്‌മെന്റോടുകൂടി സീറ്റുകള്‍ ലഭിക്കും. ഇതിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകളും ഉണ്ടാകും. ജൂണ്‍ 24 ന് മാത്രമാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. അതിന് മുന്നോടിയായി തന്നെ എല്ലാ കുട്ടികള്‍ക്കും വിവിധ കോഴ്‌സുകളില്‍ പ്രവേശനം ഉറപ്പാകുന്നതാണ്. ഇതൊന്നും കാത്തു നില്‍ക്കാതെ കുട്ടി വിട പറഞ്ഞത് ഏറെ വേദനാജനകമാണ്. രക്ഷിതാക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച അനാവശ്യ ചർച്ചയിലൂടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക സമ്മർദ്ദം ഉണ്ടാക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് പരപ്പനങ്ങാടി സ്വദേശി ഹാദി റുഷ്ദ ആത്മഹത്യ ചെയ്തത്. പ്ലസ് വണ്‍ സീറ്റ് കിട്ടാത്ത നിരാശയിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. സീറ്റു കിട്ടാത്തതില്‍ കുട്ടിക്ക് നിരാശയുണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, കുട്ടിക്ക് പത്താം ക്ലാസ് പരീക്ഷയില്‍ 5 A+ ലഭിച്ചിട്ടുണ്ടെന്നും എന്തോ മാനസിക പ്രശ്നമുള്ളതായി അറിഞ്ഞെന്നും പൊലീസ് വ്യകതമാക്കി. അതിന് ചികിത്സ തേടിയിട്ടുള്ളതായി ബന്ധുക്കള്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു. പ്ലസ് വണ്‍ സീറ്റ് കിട്ടാത്തതാണ് മരണകാരണം എന്ന് പൂർണമായി പറയാനാവില്ലെന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.