മെഡിക്കലിനും,എഞ്ചിനിയറിങ്ങിനും പിന്നാലെ പ്ലസ് വൺ പ്രവേശനത്തിനും വൻ കോഴ ഈടാക്കുന്നു, കണ്ടില്ലന്ന് നടിച്ച് സർക്കാർ.

മെഡിക്കലിനും,എഞ്ചിനിയറിങ്ങിനും പിന്നാലെ പ്ലസ് വൺ പ്രവേശനത്തിനും വൻ കോഴ ഈടാക്കുന്നു, കണ്ടില്ലന്ന് നടിച്ച് സർക്കാർ.

സ്വന്തംലേഖിക

തിരുവനന്തപുരം: മെഡിക്കൽ, എഞ്ചിനീയറിങ് പോലെ പ്ലസ് വൺ പ്രവേശനത്തിനും എയ്ഡഡ് മേഖലയിൽ തലവരിപ്പണം. അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം വരെ ഈടാക്കിയാണ് പ്രവേശനം.സയൻസ് ഗ്രൂപ്പിന് ഒരു ലക്ഷം വരെ ഈടാക്കുമ്പോൾ കൊമേഴ്സ് വിഷയത്തിന് അമ്പതിനായിരം മുതൽ എഴുപത്തിഅയ്യായിരം വരെയും ഹ്യൂമാനിറ്റീസിന് മുപ്പതിനായിരം മുതൽ അമ്പതിനായിരം വരെയും ഈടാക്കുന്നു. സ്‌കൂളിന്റെ പെരുമ അനുസരിച്ചാണ് മാനേജ്മെന്റുകൾ തുക നിശ്ചയിക്കുന്നത്. പ്ലസ് വൺ പ്രവേശനത്തിന്റെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെ എയ്ഡഡ് മേഖലയിൽ മാനേജ്മെന്റ് ക്വാട്ട ഏതാണ്ട് പൂർത്തിയായി.വിദ്യാഭ്യാസ വകുപ്പിന്റെ യാതൊരു മേൽനോട്ടവും നിയന്ത്രണങ്ങളുമില്ലാതെയാണ് മാനേജ്മെന്റ് സീറ്റിൽ പ്രവേശനം. മിക്ക സ്‌കൂളുകളിലും പ്ലസ് വണ്ണിന് നാല് ബാച്ച് വരെയുണ്ട്. ഇരുപത് ശതമാനം സീറ്റിൽ മാനേജ്മെന്റിന് നിയമനം നടത്താം. ഹയർ സെക്കൻഡറി വിഭാഗം പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ ഏറ്റവും പിന്നിലായി ഇടംപിടിച്ചാലും ആഗ്രഹിക്കുന്ന വിഷയങ്ങൾക്ക് തലവരിപ്പണം നൽകി പ്രവേശനം നേടാം.പ്രവേശനത്തിന് പ്രത്യേക സംവിധാനവും സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ട്. പ്രവേശന ഫോം നൽകിയ ശേഷം പിടിഎ കമ്മിറ്റിയെയോ മാനേജർ ചുമതലപ്പെടുത്തിയ ആളെയോ കാണാൻ നിർദേശിക്കും. തുകയുടെ കാര്യങ്ങൾ ഇവർ പറഞ്ഞുറപ്പിച്ച ശേഷമേ മാനേജർ രക്ഷാകർത്താക്കളുമായി സംസാരിക്കൂ. അന്ന് പറഞ്ഞുറപ്പിച്ച പണവും നൽകണം. തുകയിൽ വിട്ടു വീഴ്ചയില്ല. പണം നൽകിയില്ലെങ്കിൽ മറ്റേതെങ്കിലും സ്‌കൂൾ നോക്കണം എന്ന ഉപദേശം നൽകി മടക്കും. ആദ്യം വരുന്നവർക്ക് മാത്രമേ പ്രവേശനം ലഭിക്കൂയെന്നും സർക്കാർ ക്വാട്ടയിൽ പ്രവേശനം ലഭിച്ചാലും വാങ്ങിയപണം മടക്കി നൽകില്ലെന്നും മുന്നറിയിപ്പ് നൽകും. ഇതോടെ മാർക്ക് കുറവുള്ള വിദ്യാർഥികൾ ചോദിക്കുന്ന പണം നൽകും.പിടിഎ ഫണ്ടും പ്രവേശന സമയത്ത് പിരിച്ചെടുക്കും. ലക്ഷങ്ങളുടെ തലവരിപ്പണ ഇടപാടാണ് പ്ലസ് വൺ മേഖലയിലുള്ളത്. സർക്കാർ ഔദാര്യത്തിൽ എല്ലാ കാര്യങ്ങളും നടന്നുപോകുന്ന വിദ്യാലയങ്ങളിലാണ് ഈ പകൽക്കൊള്ള. അധ്യാപകർക്കുള്ള ശമ്പളം, സ്മാർട്ട് ക്ലാസ്റൂമുകൾ, വാഹനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവർ സർക്കാരിൽ നിന്ന് നേടിയെടുക്കാറുമുണ്ട്.