പ്ലാസ്റ്റിക് നിരോധനം : ബ്രാൻഡഡിനും , പാക്ക് ചെയ്ത വസ്തുക്കൾക്കും ഇളവ് ; തീരുമാനവുമായി സർക്കാർ

പ്ലാസ്റ്റിക് നിരോധനം : ബ്രാൻഡഡിനും , പാക്ക് ചെയ്ത വസ്തുക്കൾക്കും ഇളവ് ; തീരുമാനവുമായി സർക്കാർ

 

സ്വന്തം ലേഖിക

തിരുവനന്തപുരം: കടകളിൽ സാധനങ്ങൾ മുൻകൂട്ടി അളന്നുവെക്കുന്ന പ്ലാസ്റ്റിക് കവറുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ധാന്യങ്ങൾ, പയർ വർഗങ്ങൾ, പഞ്ചസാര, ധാന്യപ്പൊടികൾ, മുറിച്ച മത്സ്യ-മാംസാദികൾ എന്നിവ അളന്ന് പാക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്കാണ് ഇളവ്. ബ്രാൻഡഡ് വസ്തുക്കളെയും പൂർണമായും നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കയറ്റുമതിക്കായി നിർമിച്ച പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ പരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ഉപകരണങ്ങൾ, കമ്പോസ്റ്റബൾ പ്ലാസ്റ്റിക്കിൽ നിർമിച്ചവ എന്നിവക്കും ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി. വിൽപന കേന്ദ്രങ്ങളിൽ പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾക്ക് നിരോധനം ബാധകമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രാൻഡഡ് വസ്തുക്കളെ ഒഴിവാക്കിയെങ്കിലും നിർമാതാക്കൾ എക്‌സ്‌റ്റെൻഡഡ് പ്രൊഡ്യൂസേഴ്‌സ് റെസ്‌പോൺസിബിലിറ്റി പദ്ധതി (ഇ.പി.ആർ) പ്രകാരം നടപടി സ്വീകരിക്കണം. ബിവറേജസ് കോർപറേഷൻ, കേരഫെഡ്, മിൽമ, ജല അതോറിറ്റി തുടങ്ങിയവ പുറന്തള്ളുന്ന പ്ലാസ്റ്റിക്കിനും ഇ.പി.ആർ നേരത്തേ ബാധകമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ ഈ മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യണം. ഇ.പി.ആർ സംബന്ധിച്ച് വിശദ മാർഗനിർദേശം സർക്കാർ ഉടൻ പുറപ്പെടുവിക്കും.

പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന വസ്തുക്കൾ സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡിനോട് ശിപാർശ നൽകാൻ ആവശ്യപ്പെട്ടു. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായി നിരോധിക്കും.

വ്യക്തികളോ കമ്പനികളോ വ്യവസായമോ സ്ഥാപനമോ ഇത്തരം വസ്തുക്കൾ നിർമിക്കുകയോ കൊണ്ടുപോവുകയോ സൂക്ഷിക്കുകയോ വിൽപന നടത്തുകയോ ചെയ്യാൻ പാടില്ല. പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് കനം നോക്കാതെ നിരോധനമുണ്ട്. ടേബിൾ ഷീറ്റുകളുടെ നിരോധനത്തിൽനിന്ന്് ക്ലിങ് ഫിലിം ഒഴിവാക്കി.

തെർമോക്കോൾ, സ്‌റ്റൈറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ എന്നിവക്ക് നിരോധനമുണ്ട്. പ്ലാസ്റ്റിക് വാട്ടർ പൗച്ച്, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് ബക്കറ്റ്, 500 മില്ലി ലിറ്ററിന് താഴെ കുടിവെള്ള കുപ്പികൾ എന്നിവക്കും നിരോധനമുണ്ട്. 500 എം.എല്ലിന് മുകളിൽ വരുന്ന കുടിവെള്ള കുപ്പികൾക്കും എല്ലാ അളവിലുമുള്ള ബ്രാൻഡഡ് ജ്യൂസ് ബോട്ടിലുകൾക്കും ഇ.പി.ആർ ബാധകമാകും.