video
play-sharp-fill

പി കെ ശശിക്കെതിരായ പരാതി ;താൻ നിരന്തരം വേട്ടയാടപ്പെടുന്നു :ഡി.വൈ.എഫ്.ഐ വനിതാ നേതാവ്

പി കെ ശശിക്കെതിരായ പരാതി ;താൻ നിരന്തരം വേട്ടയാടപ്പെടുന്നു :ഡി.വൈ.എഫ്.ഐ വനിതാ നേതാവ്

Spread the love

സ്വന്തം ലേഖിക

പാലക്കാട്: പി.കെ.ശശി എം.എൽ.എക്കെതിര സി.പി.എം ദേശീയ – സംസ്ഥാന നേതൃത്വത്തിന് പീഡന പരാതി നൽകിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സംഘടനാ ചുമതലകളിൽ നിന്ന് രാജിവച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം, മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം എന്നീ ചുമതലകളിൽ നിന്നാണ് ഒഴിവായത്. പക്ഷേ, സംഘടനയിൽ തുടരുമെന്നും യുവതി പറഞ്ഞു. ജില്ലാ നേതൃത്വം രാജി സ്വീകരിച്ചത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.എം.എൽ.എക്കെതിരെ പരാതി നൽകിയതിന് ശേഷം സംഘടനയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന അംഗങ്ങളിൽ നിന്ന് താൻ നിരന്തരം വേട്ടയാടപ്പെടുകയായിരുന്നു. പരാതി നൽകിയ തനിക്കൊപ്പം നിലകൊണ്ടത് വളരെ ചുരുക്കം അംഗങ്ങളായിരുന്നു. തനിക്ക് അനുകല നിലപാടെടുത്തതിന്റെ പേരിൽ മണ്ണാർക്കാട് നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കൂടാതെ സംഘടനാ വേദികളിലും സമൂഹമാദ്ധ്യമങ്ങളിലും തന്നെ അവഹേളിക്കുകയും എം.എൽ.എക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയും ചെയ്ത മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറിയെ സംഘടനാ പുനസംഘടനയ്ക്ക് ശേഷം ജില്ലാ വൈസ് പ്രസിഡന്റാക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് സംഘടനാ ചുമതലകളിൽ നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ രണ്ടുദിവസമായി നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ പഠന ക്യാമ്പിനോട് മുന്നോടിയായാണ് ജില്ലാ സെക്രട്ടേറിയറ്റ് ചേർന്ന് പുനസംഘടന നടത്തിയത്. നിലവിലെ ജില്ലാ സെക്രട്ടറി പ്രേംകുമാർ പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സംഘടനയിൽ നിന്ന് ഒഴിവായിരുന്നു. പ്രസിഡന്റായിരുന്ന പി.എൻ.ശശിയെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പ്രസിഡന്റായി സുമോദിനെയും ജില്ലാ വൈസ് പ്രസിഡന്റായി റിയാസുദ്ദീനെയും തിരഞ്ഞെടുത്തിരുന്നു.