
കല്‍പ്പറ്റ: എ.ഐ.സി.സി മെമ്പർ,മുൻ മന്ത്രി,കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം, കേരളത്തിലെ ഏക പട്ടിക വർഗവനിതാ രാഷ്ട്രീയകാര്യ സമിതി അംഗം.
എന്നിട്ടും പി.കെ. ജയലക്ഷ്മിക്ക് ഇത്തവണ സീറ്റില്ല.മാനന്തവാടി സംവരണ മണ്ഡലത്തില്‍ പരിഗണിക്കുന്നത് ബ്ളോക്ക് പഞ്ചായത്ത് മെമ്പറും മുൻ എടവക ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റുമായ ഉഷാ വിജയൻ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ഇപ്പോള്‍ മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മീനാക്ഷി രാമൻ എന്നിവരുടെ പേരുകള്‍. ജയലക്ഷ്മിയെ വെട്ടാൻ കെ.പി.സി.സിക്ക് ഒരു കാരണമുണ്ട്. രണ്ടു തവണ ഇപ്പോള്‍ മന്ത്രി കൂടിയായ ഒ. ആർ.കേളുവിനോട് തോറ്റില്ലേ? ഇനി പുതിയ ആളെ നോക്കാം.
എന്നാല്‍ തോറ്റവർക്ക് ഇത്തവണ സീറ്റ് നല്‍കില്ലേ? അങ്ങനെ കുറച്ച് പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ജയലക്ഷ്മിയെ എന്തുകൊണ്ട് പരിഗണിച്ചുകൂട? വയനാട്ടിലെ ജയലക്ഷ്മിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർ ചോദിക്കുന്നത് ഇതൊക്കെയാണ്. നേതൃത്വം കണ്ണു തുറക്കുമോ എന്നറിയില്ല. രണ്ട് തവണ ജയലക്ഷ്മി എന്ത് കൊണ്ട് തോറ്റു എന്ന് ചിന്തിക്കണമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർ നേതൃത്വത്തോട് ചോദിക്കുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണെന്നത് നേര്. കൂടെയുളളവർ തന്നെ ജയലക്ഷ്മിയെ ചതിച്ചു. അക്കാര്യം പരസ്യമായ രഹസ്യമാണ്.
രാഹുല്‍ഗാന്ധിയാണ് 2011ല്‍ ജയലക്ഷ്മിയെ കണ്ടെത്തിയത്. അന്നവർ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ കേവലം ഒരു മെമ്പറായി പ്രവർത്തിക്കുകയായിരുന്നു.മാനന്തവാടി മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ച ജയലക്ഷ്മി എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യാനാണ് ചുരമിറങ്ങി തിരുവനന്തപുരത്തേക്ക് പോയത്. തിരിച്ചെത്തിയത് മന്ത്രിയായിട്ടാണ്. അക്കാലത്ത് ഉമ്മൻചാണ്ടിയുടെ പൂർണ പിന്തുണ ജയലക്ഷ്മിക്കുണ്ടായിരുന്നു.ഇപ്പോള്‍ അദ്ദേഹമില്ല.
ജയലക്ഷ്മിക്ക് വേണ്ടി പറയാൻ ആരുമില്ല.കോണ്‍ഗ്രസിലെ ഏത് പരിപാടിക്കും ജയലക്ഷ്മിയെ മുന്നില്‍ തന്നെ കാണാം. കെ.എസ്.യു.വിലൂടെ കടന്നുവന്ന് യൂത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പിലൂടെ ജനറല്‍ സെക്രട്ടറിയായി. മഹിളാ കോണ്‍ഗ്രസ്, ആദിവാസി കോണ്‍ഗ്രസ് എന്നീ സംഘടനകളിലെ പ്രമുഖ സ്ഥാനവും വഹിച്ചു. ഇപ്പോള്‍ ചിലർക്ക് കറിവേപ്പില പോലെയായി എന്നാണ് കോണ്‍ഗ്രസിലെ ചിലരുടെ പക്ഷം.

