play-sharp-fill
പി.കെ മധു കോട്ടയം എസ്.പിയായേക്കും; തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം

പി.കെ മധു കോട്ടയം എസ്.പിയായേക്കും; തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് പുതിയ ഉദ്യോഗസ്ഥൻ എത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ഐപിഎസ് ലഭിച്ച കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച എസ്.പി പി.കെ മധു ഐപിഎസ് കോട്ടയം ജില്ലാ പൊലീസ് മേധാവിയായി ചുമതലയേൽക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. കോട്ടയത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐയായും, സിഐയായും, കോട്ടയം ടൗൺ ഡിവൈഎസ്പിയായും പ്രവർത്തിച്ചിട്ടുണ്ട് പി.കെ മധു. സർവീസിൽ നിന്നു വിരമിച്ച ശേഷം അടുത്തിടെയാണ് ഇദ്ദേഹത്തിനു ഐപിഎസ് ലഭിച്ചത്. ഇതോടെയാണ് ക്രമസമാധാന ചുമതലയുള്ള എസ്.പിയായി അദ്ദേഹത്തെ നിയമിക്കാൻ സാധ്യതയേറിയത്‌. കോട്ടയം ഡിവൈഎസ്പിയായിരിക്കെ നിരവധി കേസുകളിൽ ഇദ്ദേഹം തുമ്പുണ്ടാക്കിയിട്ടുണ്ട്. കടയനിക്കാട് ഗോപകുമാർ വധക്കേസ്, ഡിവൈ.എസ്.പി ഷാജി പ്രതിയായ പ്രവീൺ വധക്കേസ്, എന്നിവ അടക്കം നിരവധി കേസുകളിൽ ഇദ്ദേഹം തുമ്പുണ്ടാക്കിയിട്ടുണ്ട്. സിപിഎം ജില്ലാ നേതൃത്വവുമായി ഏറെ അടുപ്പമുള്ള മധുവിനു തന്നെയാണ് ജില്ലാ പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് പ്രഥമ പരിഗണന. നിലവിൽ ജില്ലാ പോലീസ് മേധാവിയായ ഹരിശങ്കർ കെവിൻ കേസിൽ നടപടി നേരിട്ട മുഹമ്മദ് റഫീക്കിന് പകരക്കാരനായാണ് കോട്ടയത്ത് ചുമതലയേറ്റത്. മികച്ച ട്രാക്ക് റെക്കോർഡുള്ള ഹരി ശങ്കർ ഡയറക്ട് ഐ.പി.എസുകാരനാണ്. ഉന്നത രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങാതെ മികച്ച രീതിയിൽ ജില്ലയുടെ ക്രമസമാധാനം നടത്തുന്ന ഹരിശങ്കറിനോട് രാഷ്ട്രീയ നേതൃത്വത്തിന് താല്പര്യക്കുറവുണ്ട്. എന്നാൽ സി.പി.എം നേതൃത്വത്തിന്റെ ഇഷ്ടക്കാരനായ പി.കെ മധുവിനെ നിയമിക്കുന്നതോടെ ഇത് മറി കടക്കാനാകുമെന്ന പ്രതീക്ഷിയിലാണ് ഭരണപക്ഷം.  മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ ശേഷം ഇതു സംബന്ധിച്ചുള്ള ആവശ്യം സിപിഎം ജില്ലാ നേതൃത്വം അറിയിച്ചേയ്ക്കും. മധു അടക്കം ഐപിഎസ് ലഭിച്ച പത്തു പേർക്കും മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം മാത്രമാവും നിയമനം നൽകുക.