
മലപ്പുറം: തിരൂർ മലയാളം സർവ്വകലാശാലയുടെ ഭൂമിയിൽ തട്ടിപ്പ് നടത്തിയ എല്ലാവരെയും ജയിലിൽ അടക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. തിരൂരിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പൊതുയോഗത്തിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അഴിമതിക്ക് കൂട്ടുനിന്ന കെ ടി ജലീലിനെയും മന്ത്രി വി അബ്ദുറഹ്മാന്റെ ബന്ധുക്കളെയും എല്ലാം ജയിലിൽ അടക്കുക തന്നെ ചെയ്യും. നേരത്തെ ജലീലിനെ മന്ത്രിസ്ഥാനം രാജിവെപ്പിക്കാൻ സാധിച്ച യൂത്ത് ലീഗിന് ഇക്കാര്യത്തിലും വിജയിക്കാൻ കഴിയും എന്ന് ഫിറോസ് പറഞ്ഞു. സർവ്വകലാശാലയുടെ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ ജലീലും ഉന്നത വിദ്യാഭ്യാസ വകുപ്പും റോക്കറ്റ് വേഗത്തിലാണ് ഫയലുകൾ നീക്കിയത്. ഇക്കാര്യത്തിന് കിട്ടിയ കോഴപ്പണം കൊണ്ടാണ് ഇലക്ഷനിൽ ജലീൽ വലിയ മാമാങ്കങ്ങൾ നടത്തിയതെന്നും ഫിറോസ് പറഞ്ഞു സർക്കാറിൻ്റെ പണം വെട്ടിച്ച ഒരാളെയും യൂത്ത് ലീഗ് വെറുതെ വിടുകയില്ല അവരുടെയൊക്കെ കൈകളിൽ വിലങ്ങു വീഴുക തന്നെ ചെയ്യും. ജലീലിനോട് ഒരു ഔദാര്യം കാണിക്കാൻ യൂത്ത് ലീഗ് തയ്യാറാണ്. അദ്ദേഹത്തെ അദ്ദേഹത്തിന്റെ മണ്ഡലമായ തവനൂരിലെ ജയിലിൽ തന്നെ അടക്കണം എന്ന് ഞങ്ങൾ അപേക്ഷിക്കും മാത്രമല്ല ഈ അഴിമതി സംഘത്തെ വേറെ വേറെ സെല്ലുകളിൽ ഇടാതെ ഒരേ സെല്ലിൽ തന്നെ ഇടണമെന്നും പബ്ലിക് പ്രോസിക്യൂട്ടറോട് ഞങ്ങൾ ആവശ്യപ്പെടാമെന്നും പി കെ ഫിറോസ് പരിഹസിച്ചു. യോഗത്തിൽ വെട്ടം ആലിക്കോയ, പി സെയ്താലിക്കുട്ടി മാസ്റ്റർ, കരീം കോട്ടയിൽ എന്നിവർ സംസാരിച്ചു. കെ. കെ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.


