പി.കെ ബഷീർ എം.എൽ.എയുടെ കൊലവിളി പ്രസംഗം; കേസ് റദ്ദാക്കിയ സംസ്ഥാന സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കി
സ്വന്തം ലേഖകൻ
ഡൽഹി: ഏറനാട് എം.എൽ.എയും മുസ്ളിം ലീഗ് നേതാവുമായ പി.കെ.ബഷീറിന്റെ കൊലവിളി പ്രസംഗത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ സംസ്ഥാന സർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. കേസ് തുടരണമെന്നും കേസ് പിൻവലിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ മജിസ്ട്രേട്ട് കോടതിക്ക് തീരുമാനം കൈക്കൊള്ളാമെന്നും മജിസ്ട്രേട്ട് കോടതിയോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വിവാദ പാഠപുസ്തകത്തിനെതിരെ യൂത്ത് ലീഗ് നടത്തിയ സമരത്തിൽ അദ്ധ്യാപകൻ കൊല്ലപ്പെട്ടതാണ് ബഷീറിനെതിരായ കേസിനാധാരമായത്. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ മതമില്ലാത്ത ജീവൻ എന്ന അദ്ധ്യായം ചേർത്തതിനെതിരെയുള്ള സമരത്തിനിടയിൽ കിരിശേരി ഗവ. സ്കൂളിൽ നടന്ന ക്ലസ്റ്റർ മീറ്റിംഗിൽ പങ്കെടുക്കാൻ പോയ ജെയിംസ് അഗസ്റ്റിൻ എന്ന അദ്ധ്യാപകൻ മരിക്കുകയായിരുന്നു. മീറ്റിംഗ് നടന്നുകൊണ്ടിരിക്കെ ഒരുകൂട്ടം യൂത്ത് ലീഗ് പ്രവർത്തകർ ക്ലാസ് റൂമിലേക്ക് ഇരച്ചുകയറുകയും തുടർന്നുണ്ടായ സംഘർഷത്തിൽ അധ്യാപകൻ കൊല്ലപ്പെടുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കേസിൽ ഏതാനും യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. പിന്നീട് നടന്ന ഒരു പൊതുയോഗത്തിലാണ് ബഷീർ ഭീഷണി മുഴക്കിയത്. ഏറനാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയൊരു തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് ഞാൻ പറയുന്നത് ഈ കേസ് കോടതിയിൽ എന്നെങ്കിലും വരുകയാണെങ്കിൽ സാക്ഷി പറയാൻ ആരെങ്കിലും എത്തിയാൽ അവൻ ജീവനോടെ തിരിച്ചുപോകില്ല എന്നായിരുന്നു ബഷീറിന്റെ പ്രസംഗം. അന്നത്തെ എൽഡിഎഫ് സർക്കാർ പി.കെ ബഷീറിനെതിരെ കേസെടുത്തിരുന്നുവെങ്കിലും യുഡിഎഫ് സർക്കാരും ഹൈക്കോടതിയും കേസ് റദ്ദാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് അബ്ദുൾ വഹാബ് എന്നയാൾ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.