video
play-sharp-fill
ഇടുക്കിയിൽ ഇടിത്തീയായി പി.ജെ ജോസഫ്..! ഇടുക്കി കിട്ടിയില്ലെങ്കിൽ മുന്നണിയ്ക്ക് ഭീഷണിയാകും; മുന്നണി വിടാതെ ഇടുക്കിയിലും കോട്ടയത്തും വിമതൻ വരും; അയോഗ്യത ഭീഷണിയുള്ളതിനാൽ മുന്നണി വിടാതെ ആക്രമിക്കാൻ ജോസഫിന്റെ നീക്കം

ഇടുക്കിയിൽ ഇടിത്തീയായി പി.ജെ ജോസഫ്..! ഇടുക്കി കിട്ടിയില്ലെങ്കിൽ മുന്നണിയ്ക്ക് ഭീഷണിയാകും; മുന്നണി വിടാതെ ഇടുക്കിയിലും കോട്ടയത്തും വിമതൻ വരും; അയോഗ്യത ഭീഷണിയുള്ളതിനാൽ മുന്നണി വിടാതെ ആക്രമിക്കാൻ ജോസഫിന്റെ നീക്കം

സ്വന്തം ലേഖകൻ 

കോട്ടയം: ഇടുക്കി സീറ്റ് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയെ സമീപിച്ച പി.ജെ ജോസഫ് കേരള കോൺഗ്രസിനെയും യുഡിഎഫിനെയും നയിക്കുന്നത് വൻ പൊട്ടിത്തെറിയിലേയ്ക്ക്. നിലവിലെ സാഹചര്യത്തിൽ പാർട്ടി പിളർത്തി പുറത്ത് വരാൻ സാധിക്കില്ലെങ്കിലും, ഇടുക്കിയിലും കോട്ടയം പാർലമെന്റ് മണ്ഡലത്തിലും കോൺഗ്രസിനും കേരള കോൺഗ്രസിനും ഭീഷണിയാകാൻ പി.ജെ ജോസഫിന് സാധിക്കും. രണ്ട് സീറ്റ് ലഭിച്ചില്ലെങ്കിൽ രണ്ടിടത്തും വിമത സ്ഥാനാർത്ഥികളെ നിർത്താൻ പോലും മടിക്കില്ലെന്ന സൂചനയാണ് കേരള കോൺഗ്രസ് നേതൃത്വത്തിനും യുഡിഎഫിനും പി.ജെ ജോസഫ് നൽകിയിരിക്കുന്നത്. ഇത് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. 
 ഇടുക്കി സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് കെ.എം മാണിയെയും മകനെയും വെട്ടി പി.ജെ ജോസഫ് തന്നെ രാഹുൽ ഗാന്ധിയെ നേരിൽ കണ്ടിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കേരള കോൺഗ്രസ് തന്നെയായിരുന്നു. നിലവിൽ കോട്ടയം പാർലമെന്റ് മണ്ഡലം മാത്രമാണ് കേരള കോൺഗ്രസിന്റെ കൈവശമുള്ളത്.ജോസ് കെ മാണി രാജ്യസഭാ എംപി ആയതോടെ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ട സാഹചര്യത്തിലാണ് കേരള കോൺഗ്രസ്. പാർട്ടിയ്ക്ക് അനുയോജ്യനായ സ്ഥാനാർത്ഥിയെ ഇതുവരെ കണ്ടെത്താൻ കേരള കോൺഗ്രസിന് സാധിച്ചിട്ടുമില്ല. പല പേരുകളും ഉയർന്നു വരുന്നുണ്ടെങ്കിലും ജനകീയമായ മുഖമാണ് പാർട്ടി തേടുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി പാർട്ടിയ്ക്ക് വെല്ലുവിളിയായി പി.ജെ ജോസഫിന്റെ നീക്കം എത്തിയിരിക്കുന്നത്. സീറ്റ് ലഭിച്ചില്ലെങ്കിൽ ഇടുക്കിയിൽ മത്സരിക്കാൻ ജോസഫിന്റെ സ്ഥാനാർത്ഥിയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. മുന്നണിയ്ക്കുള്ളിൽ നിന്നുകൊണ്ടു തന്നെ ജോസഫ് വിമതനെ ഇടുക്കിയിൽ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതോടെ യുഡിഎഫും – കേരള കോൺഗ്രസും ഒരു പോലെ തന്നെ പ്രതിസന്ധിയിലായി.
എന്നാൽ, നിലവിൽ പി.ജെ ജോസഫിനും സംഘത്തിനും മുന്നണിയോ പാർട്ടിയോ വിടാൻ സാധിക്കില്ല. കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നത്തിലാണ് പി.ജെ ജോസഫ് മത്സരിച്ചത്. പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിച്ച ജോസഫും, മോൻസ് ജോസഫും അടക്കമുള്ളവർ പാർട്ടി വിട്ടാൽ ഇവർക്ക് അയോഗ്യതയുണ്ടാകും. ഇല്ലെങ്കിൽ എംഎൽഎ സ്ഥാനവും വിവിധ തലങ്ങളിലെ ജനപ്രതിനിധി സ്ഥാനവും രാജിവച്ച ശേഷം മാത്രമേ ജോസഫിനും സംഘത്തിനും മുന്നണി വിടാൻ സാധിക്കൂ. ഇത് ഈ മണ്ഡലങ്ങളിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് സൃഷ്ടിക്കും. മുന്നണി വിട്ട് പുറത്തു വരുമ്പോൾ അയോഗ്യത ഒഴിവാകണമെങ്കിൽ ജനപ്രതിനിധികളിൽ മൂന്നിൽ രണ്ട് പേരെങ്കിലും ഒപ്പം വേണം. കെ.എം മാണിയും, പി.ജെ ജോസഫും, മോൻസ് ജോസഫും, എൻ.ജയരാജും, റോഷി അഗസ്റ്റിനും, സി.എഫ് തോമസുമാണ് നിലവിൽ കേരള കോൺഗ്രസിന്റെ എംഎൽഎമാർ. ഇവരിൽ പി.ജെ ജോസഫും മോൻസ് ജോസഫും ഒഴികെ മറ്റാരും പാർട്ടി പിളർത്തിയാൽ ഒപ്പമുണ്ടാകില്ലെന്ന് ഉറപ്പാണ്. ഇതോടെ ഈ രണ്ടു സീറ്റിലും വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വരും. ഈ സാഹചര്യത്തിൽ വിമത ഭീഷണിയാണ് പി.ജെ ജോസഫ് ഉയർത്താൻ സാധ്യത.