വേലി തന്നെ വിളവ് തിന്നും…! പിറവം പുതുശ്ശേരിയിൽ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ മോഷ്ടിച്ച കേസ് ; പൂജാരി പിടിയിൽ..! പിടിയിലായത് വൈക്കം കുലശേഖരമംഗലം സ്വദേശി; മോഷ്ടിച്ച സ്വര്‍ണമാല കുലശേഖരമംഗലം സഹകരണ ബാങ്കില്‍ പണയം വെച്ചതായി പൊലീസ് കണ്ടെത്തി
സ്വന്തം ലേഖകൻ
പിറവം : ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ മോഷ്ടിച്ച കേസിൽ പൂജാരി പിടിയിൽ.വൈക്കം, കുലശേഖരമംഗലം ചുണ്ടങ്ങാക്കരിയില്‍ ശരത് കുമാറാണ് (27) പിടിയിലായത്. പിറവം പുതുശ്ശേരി തൃക്ക ബാല നരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണങ്ങളാണ് മോഷണം പോയത്.
വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഒരു പവന്റെ മാലയും ലോക്കറ്റും, ഇരുപത് ഗ്രാം വരുന്ന വെള്ളി മാലയുമാണ് മോഷ്ടിച്ചത്. ഇക്കഴിഞ്ഞ പത്തിന് പുലര്‍ച്ചേ നട തുറക്കാനെത്തിയ കഴകക്കാരനാണ് ശ്രീകോവില്‍ നട തുറന്നുകിടക്കുന്നത് ആദ്യം കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ഇതേ പൂജാരിയെത്തി നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലകള്‍ നഷ്ടമായ വിവരം സ്ഥിരീകരിച്ചത്. പിറവം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ഏതാനും ദിവസം കഴിഞ്ഞ് രണ്ട് മാലകളും ക്ഷേത്ര മതില്‍ക്കകത്തു നിന്ന് കണ്ടുകിട്ടിയിരുന്നു.
ക്ഷേത്രസമുച്ചയം പുനരുദ്ധരിക്കുന്ന പണികള്‍ നടക്കുന്നതിനാല്‍ വിഗ്രഹം താത്കാലിക ശ്രീകോവിലിലായിരുന്നു. ശരത്കുമാര്‍ ഏഴുമാസം മുൻപാണ് തൃക്ക ക്ഷേത്രത്തില്‍ പൂജാരിയായെത്തിയത്.
വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണമാല മോഷ്ടിച്ച് പണയം വെച്ച പൂജാരി സംശയം തോന്നാതിരിക്കാന്‍ മറ്റൊരു മുക്കുപണ്ട മാല വാങ്ങി വിഗ്രഹത്തില്‍ ചാര്‍ത്തി. അതിനിടെ മാല വഴിപാടായി സമര്‍പ്പിച്ച വീട്ടുകാര്‍ മാലയ്ക്ക് നീളം കുറവയതിനാല്‍ അത് മാറ്റി നല്‍കാന്‍ തീരുമാനിക്കുകയും ഇക്കാര്യം നടയ്ക്കല്‍ വെച്ച് പറയുകയും ചെയ്തതോടെ കള്ളി പുറത്താകുമെന്ന് ഉറപ്പായി.
ഇതേത്തുടര്‍ന്ന് ക്ഷേത്രത്തില്‍ മോഷണം നടന്നെന്ന് വരുത്താനുള്ള ശ്രമമാണ് പൂജാരി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ മോഷ്ടിച്ച സ്വര്‍ണമാല കുലശേഖരമംഗലം
സഹകരണ ബാങ്കില്‍ പണയം വെച്ചത് പൊലീസ് കണ്ടെത്തി.