പിറവത്ത് കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ ; ഇടുക്കി സ്വദേശിയായ ഇയാളിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ അച്ചടിച്ച നോട്ട് പിടിച്ചെടുത്തു; സംഭവത്തിൽ കോട്ടയം സ്വദേശികളുൾപ്പെടെയുള്ള സംഘം നേരത്തെ പിടിയിലായിരുന്നു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പിറവം കള്ളനോട്ട് കേസില്‍ ഒളിവിലായിരുന്ന, മുഖ്യപ്രതികളില്‍ ഒരാളായ ഇടുക്കി ഉടുമ്പന്‍ചോല പുറ്റടി കടിയംകുന്നേല്‍ വീട്ടില്‍ രവീന്ദ്രന്‍ (63) ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി.

കട്ടപ്പന, വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍, തൃശൂര്‍, കോതമംഗലം, കുമളി സ്‌റ്റേഷനുകളില്‍ കള്ളനോട്ട് നിര്‍മ്മാണത്തിന് ഇയാള്‍ക്കെതിരെ കേസുണ്ട്. പിറവത്ത് ഏഴംഗ സംഘം തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായതിന് പിന്നാലെ ഒളിവിലായിരുന്നു. വ്യാഴാഴ്ച പുറ്റടിയിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രവീന്ദ്രനാണ് കേസിലെ ഒന്നാം പ്രതി ഇടുക്കി മൈനര്‍ സിറ്റി സ്വദേശി സുനില്‍കുമാറിനെയും (40) വണ്ടിപ്പെരിയാര്‍ സ്വദേശി തങ്കമുത്തുവിനെയും (60) പരസ്പരം പരിചയപ്പെടുത്തുന്നത്. ഇരുവരും വ്യത്യസ്ത കള്ളനോട്ട് സംഘങ്ങളില്‍ അംഗങ്ങളായിരുന്നു.

സുനില്‍കുമാറും തങ്കമുത്തുവുമുള്‍പ്പെടെയുള്ളവര്‍ പിറവത്ത് പിടിയിലാകുന്നതിന് മുമ്ബ് രവീന്ദ്രന്‍ ഇവരില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ട് കൈപ്പറ്റിയിരുന്നു. അറസ്റ്റുവിവരം അറിഞ്ഞ് ഈ പണം അടുപ്പിലിട്ട് കത്തിച്ചുകളഞ്ഞെന്നാണ് മൊഴി. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. രവീന്ദ്രന്റെ അറസ്റ്റോടെ കേസില്‍ എല്ലാ പ്രതികളും പിടിയിലായി.

2021 ജൂലായ് 27നാണ് പിറവം കള്ളനോട്ടടി സംഘം പിടിയിലായത്. ചെന്നൈ സ്വദേശി ലക്ഷ്മി, റാന്നി സ്വദേശി മധുസൂദനന്‍ (48), സ്റ്റീഫന്‍ (31), ആനന്ദ് (24), കോട്ടയം കിളിരൂര്‍ നോര്‍ത്ത് ചെറുവള്ളിത്തറ വീട്ടില്‍ ഫൈസല്‍ (34), തൃശൂര്‍ പീച്ചി വഴയത്ത് വീട്ടില്‍ ജിബി (36), കോട്ടയം സ്വദേശി രേണുകുമാര്‍, വയനാട് സ്വദേശി സുനീര്‍ എന്നിവരാണ് നേരത്തെ പിടിയിലായത്.

എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി രാജ്‌മോഹന്‍, സി.ഐ ആര്‍. ജോസ്, എസ്.ഐ കെ.എസ്. രാജീവ്, എ.എസ്.ഐ അബ്ദുള്‍ ജലീല്‍, സി.പി.ഒ ബിനോയ്, നവീന്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.