കേരള കോൺഗ്രസ് -എം സ്ഥാനാർത്ഥി തോറ്റു: പോത്തും പിടിയും വിതരണം ചെയ്ത് ആഘോഷിച്ച് യു ഡി എഫ് പ്രവർത്തകർ

Spread the love

 

പിറവം: കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷമാക്കി പിറവം ടൗണിൽ പിടിയും പോത്തുകറിയും വിതരണം ചെയ്ത് പ്രവർത്തകർ. പ്രൈവറ്റ് ബസ്സ്റ്റാൻഡിന് എതിർ വശത്ത് തയാറാക്കിയ പന്തലിൽ 2000 പേർക്ക് സദ്യ വിളമ്പി.

പിറവത്തിന്റെ തനത് ഭക്ഷണമായ അരിയും തേങ്ങയും വെച്ചുള്ള പിടിയും രണ്ട് പോത്തിൻ്റെ ഇറച്ചിക്കറിയും ആണ് വിതരണം ചെയ്‌തത്‌. കേരള കോൺഗ്രസ് പാർട്ടിക്കാരനും പിറവം നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ ജിൽസ് പെരിയപ്പുറമാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയുടെ തോൽവി ആഘോഷിക്കാൻ സദ്യ ഒരുക്കാൻ നേതൃത്വം നൽകിയത്.

 

തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയതോടെ ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് സദ്യക്ക് തുടക്കം കുറിച്ചത്. പി.ജെ. ജോസഫ് എം.എൽ.എയുടെ മകനും കേരള കോൺഗ്രസ് ജോസഫ് ഉന്നതാധികാരസമിതി അംഗവുമായ അപ്പു ജോസഫാണ് സദ്യ വിളമ്പി ഉദ്ഘാടനം ചെയ്തത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വർഗീസ് തച്ചിലുകണ്ടം, യു.ഡി.എഫ് ജില്ല സെക്രട്ടറി രാജു പാണലിക്കാൻ, പൊതുപ്രവർത്തകനായ ബേബിച്ചൻ പിറവം, ശ്രീജിത്ത് പാഴൂർ, സുജാതൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ വഴിയാണ് ആഘോഷത്തിന് തുക സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജനകീയ കൂട്ടായ്‌മയിൽ യു.ഡി.എഫ് അംഗങ്ങൾ കൂടിയുള്ളത് കോൺഗ്രസിലും മുറുമുറുപ്പ് ഉണ്ടായിട്ടുണ്ട്. പിറവം മണ്ഡലത്തോടുള്ള തോമസ് ചാഴികാടൻ എം.പി യുടെ അവഗണനയിൽ പ്രതിഷേധിച്ചും അദ്ദേഹത്തിന്റെ പരാജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുമാണ് സദ്യ നടത്തിയതെന്ന് സംഘാടകർ പറഞ്ഞു.