പിറവം പള്ളിയിൽ സംഘർഷാവസ്ഥ; സുപ്രീംകോടതി വിധി നടപ്പാക്കാനെത്തിയ പൊലീസിനെ തടഞ്ഞു; ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികൾ പള്ളിയുടെ മുകളിൽ
സ്വന്തം ലേഖകൻ
പിറവം: പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രീകോടതി വിധി നടപ്പാക്കാൻ പള്ളി പരിസരത്തിലെത്തിയ പൊലീസിനെ തടഞ്ഞു. വിധിയിൽ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാർ രംഗത്തെത്തി പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടി. പള്ളിയുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീംകോടതി വിധി. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പൊലീസെത്തിയത്. യാക്കോബായ വിശ്വാസികളിൽ ചിലർ പള്ളിയുടെ മുകളിൽ കയറി പ്രതിഷേധിക്കുന്നുണ്ട്. ഇവരിൽ ഒരാൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്ന് ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസിനെ അകത്തു കയറാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വൈദികരും വിശ്വാസികളും. ബസേലിയോസ് തോമസ് പ്രഥമൻ കാത്തോലിക്കാ ബാവയും മറ്റു വൈദികരും വിശ്വാസികളും നിലവിൽ പള്ളിക്കകത്തുണ്ട്. വിധി നടപ്പാക്കാൻ സഹകരിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചെങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികൾ ചെറുത്തു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നു.