play-sharp-fill
പിന്നോക്ക വിദ്യാർത്ഥികളുടെ ഗ്രാന്റ് തടയുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെപുതിയ ഉത്തരവ് പിൻവലിക്കുക: അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം (എ.പി.ഡി.എഫ്.) ജൂലൈ 31 നു രാജ് ഭവൻ മാർച്ച് നടത്തുന്നു

പിന്നോക്ക വിദ്യാർത്ഥികളുടെ ഗ്രാന്റ് തടയുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെപുതിയ ഉത്തരവ് പിൻവലിക്കുക: അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം (എ.പി.ഡി.എഫ്.) ജൂലൈ 31 നു രാജ് ഭവൻ മാർച്ച് നടത്തുന്നു

കോട്ടയം: പിന്നോക്ക വിഭാഗ വിദ്യാർത്ഥികളുടെ ഗ്രാന്റ് തടയുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം (എ.പി.ഡി.എഫ്.) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജൂലൈ 31 – ന് രാജ്ഭവൻ മാർച്ച് നടത്തുമെന്ന് ഇവർ അറിയിച്ചു.

അടിസ്ഥാന ജന (പട്ടിക ജാതി, പട്ടിക വർഗ്ഗ, പട്ടിക ജാതി ക്രൈസ്തവ) വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനുള്ള (ഇ-ഗ്രാന്റിനുള്ള) അർഹത കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയാക്കി നിശ്ചയിച്ചും സ്കോളർഷിപ് വിതരണ രീതി പരിഷ്‌ക്കരിച്ചും കേന്ദ്ര സാമൂഹ്യ നീതി-ശാക്തീകരണ വകുപ്പ് 2021 മാർച്ചിൽ പുറപ്പെടുവിപ്പിച്ച

വിജ്ഞാപനവും കേരളാ സർക്കാരിന്റെ കെടുകാര്യസ്ഥതയുമാണ് കേരളത്തിലെ അടിസ്ഥാന ജന വിദ്യാർത്ഥികളുടെ സ്കോളർഷിപ് പ്രശ്നം അതീവ ഗുരുതരമാക്കിയതും പത്തു ലക്ഷത്തിലധികം വരുന്ന അവരുടെ കുടുംബങ്ങളെ ദുരിതത്തിലേക്കും കടക്കെണിയിലേക്കും തള്ളിവിട്ടു കൊണ്ടിരിക്കുന്നതും. വിദ്യാഭ്യാസ ചെലവിനുള്ള വക കാണാതെ അനവധി അടിസ്ഥാനജന വിദ്യാർഥികൾ പഠനമുപേക്ഷിച്ചു പോകുന്ന സാഹചര്യമാണിന്നു സംജാതമായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിസ്ഥാന ജനതയുടെ വിദ്യാഭ്യാസ വളർച്ചയും അവരുടെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പുരോഗതിയും തകർക്കുന്നതാണ് കേന്ദ്ര, കേരളാ സർക്കാരുകളുടെ ഇപ്പോളത്തെ നിയമങ്ങളും നടപടികളും. എ.പി.ഡി.എഫ് 2022 മുതൽ ഈ വിഷയം ഉയർത്തി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അനവധി നിവേദനങ്ങൾ നൽകുകയും രണ്ടു പ്രത്യക്ഷ സമരങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

അവയ്ക്കു പൂർണ്ണ ഫലപ്രാപ്തിയുണ്ടാകാത്തതിനാലാണ് അടുത്ത പടിയായി അടിസ്ഥാനജന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും എ.പി.ഡി.എഫിന്റെ നേതൃത്വത്തിൽ 2024 ജൂലൈ 31നു രാജ് ഭവൻ മാർച്ച് നടത്തുന്നത്.

സ്കോളര്ഷിപ്പിന്റെ അർഹതയ്ക്കു കുടുംബവാർഷിക വരുമാനം 2.5 ലക്ഷം രൂപയെന്ന സാമ്പത്തിക മാനദണ്ഡം റദ്ദാക്കുക, സ്കോളർഷിപ് വിതരണ സമ്പ്രദായത്തിലേർപ്പെടുത്തിയ പരിഷ്ക്കാരം പിൻവലിക്കുക, വിദ്യാർത്ഥികളുടെ പക്കൽ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയമ വിരുദ്ധമായി ഫീസ് ഈടാക്കുന്നത് പട്ടിക

വിഭാഗ പീഢനമായി പരിഗണിച്ചു കുറ്റക്കാർക്കെതിരേ ക്രിമിനൽ കേസ് എടുക്കുക, അടിസ്ഥാനജനങ്ങളുടെ സ്കോളർഷിപ് സർക്കാരിന്റെ വിതരണം മുൻഗണനയായി പരിഗണിച്ചു് കാലതാമസം കൂടാതെ സ്കോളർഷിപ് വിതരണം ചെയ്യുക, ജീവിത ചെലവ് ഉയർന്നത് കണക്കിലെടുത്തു സ്കോളർഷിപ് തുകകൾ വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് രാജ് ഭവൻ മാർച്ചിൽ എ.പി.ഡി.എഫ്. ഉന്നയിക്കുന്നത്.

അടിസ്ഥാന ജനതയുടെ വിദ്യാഭ്യാസ വളർച്ച തടഞ്ഞു അവരുടെ സാമൂഹ്യ, രാഷ്ട്രീയ പുരോഗതി പിന്നോട്ടടിപ്പിക്കുന്ന കേന്ദ്ര, കേരളാ സർക്കാരുകളുടെ നിലപാടുകളും നിയമങ്ങളും പിൻവലിച്ച് അടിസ്ഥാനജന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം സുഗമമാകുന്നതു വരെ ഇരു സർക്കാരുകളുമായി സമരങ്ങളുൾപ്പെടെയുള്ള വിവിധ ഇടപെടലുകൾ തുടരുമെന്ന് എ.പി.ഡി.എഫ്. ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

എസ്. രാജപ്പൻ (ചെയർമാൻ), ഷാജു വി. ജോസഫ് (ജനറൽ സെക്രട്ടറി), അഡ്വ. സി. ജെ. ജോസ് (ഖജാൻജി) ഡോ. ഷിബു ജയരാജ് (വൈസ് ചെയർമാൻ), പ്രിയൻ പി. മാത്യു (കോട്ടയം ജില്ലാ സെക്രട്ടറി), റവ. ഡിക്രൂസ് (കോട്ടയം ജില്ലാ ജോ. സെക്രട്ടറി),. റെജി ടി.കെ. (കോട്ടയം ജില്ലാ കമ്മറ്റിയംഗം) എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.