പൊലീസ് ഉദ്യോഗസ്ഥയുടെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപണം; മൂന്നാം ക്ലാസുകാരിയേയും അച്ഛനെയും പരസ്യമായി അധിക്ഷേപിച്ച് പിങ്ക് പൊലീസ്; കാണാനില്ലെന്ന് പറഞ്ഞ ഫോൺ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് തന്നെ കണ്ടെടുത്തു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇല്ലാത്ത മോഷണം ആരോപിച്ച് അച്ഛനെയും മകളെയും മോഷ്ടാക്കളായി ചിത്രീകരിക്കാൻ പിങ്ക് പോലീസ് ശ്രമിച്ചതായി പരാതി. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മൂന്നാം ക്ലാസുകാരിയായ മകളെയുമാണ് പിങ്ക് പോലീസ് മാനസികമായി അധിക്ഷേപിച്ചതായി പരാതി ഉയർന്നിരിക്കുന്നത്.
ആറ്റിങ്ങലിൽ വെള്ളിയാഴ്ച ആയിരുന്നു സംഭവം. ഐഎസ്ആർഒക്ക് വേണ്ടിയെത്തിച്ച സാധന സാമഗ്രികളുടെ വാഹനം കാണാൻ റോഡരുകിൽ നിൽക്കവെ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോൺ തോന്നയ്ക്കൽ സ്വദേശിയും മകളും കാറിൽ നിന്നും മോഷ്ടിച്ചെന്നാരോപിച്ചാണ് ഇരുവരെയും പരസ്യമായി അധിക്ഷേപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തങ്ങൾ ഫോൺ എടുത്തിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് ജയചന്ദ്രൻ പറഞ്ഞത്.
ഒടുവിൽ മൊബൈൽ ഫോൺ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കാറിനകത്ത് അവരുടെ ബാഗിൽ നിന്നും കിട്ടുകയായിരുന്നു. ഇതേ തുടർന്ന് പിന്നീട് തങ്ങളെ വീട്ടിലേക്ക് പോകാൻ അനുവദിക്കുകയായിരുന്നുവെന്നും ജയചന്ദ്രൻ പറഞ്ഞു.
തങ്ങളെ ഇല്ലാത്ത മോഷണം ആരോപിച്ച് അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി വേണമെന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ഇവർ അറിയിച്ചു.
സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥക്കെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുമെന്ന് ചെയർമാൻ മനോജ്കുമാർ വ്യക്തമാക്കി.