
ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ സംഭവം; കുട്ടിയോട് ഡിജിപി മാപ്പ് പറഞ്ഞിട്ടില്ല; വാർത്ത തെറ്റെന്ന് പൊലീസ് മേധാവിയുടെ ഓഫീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ ഡിജിപി അനിൽ കാന്ത് മകളോട് മാപ്പ് ചോദിച്ചുവെന്ന വാർത്ത തെറ്റാണെന്ന് പൊലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു. മകളോട് ഡിജിപി അനിൽകാന്ത് ഖേദം പ്രകടിപ്പിച്ചുവെന്ന പിതാവിന്റെ വാദം ഓഫീസ് തള്ളി.
പെൺകുട്ടിയുടെ കുടുംബം ഡിജിപിയെ നേരിട്ട് കണ്ടിട്ടില്ലെന്നും ഡിജിപി ക്ഷമ ചോദിച്ചിട്ടില്ലെന്നുമാണ് പൊലീസ് വക്താവ് അറിയിച്ചത്. പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി ഉറപ്പ് നൽകിയതായാണ് പിതാവ് ജയചന്ദ്രൻ പറഞ്ഞത്.
ആറ്റിങ്ങളിലെ പിങ്ക് പോലീസ് പരസ്യ വിചാരണ പോലീസ് സേനയ്ക്ക് ഒന്നാകെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു. സംഭവത്തിൽ കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാനും, ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുവാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരവ് കൈമാറാൻ ജയചന്ദ്രൻ മകളോടൊപ്പം എത്തിയപ്പോഴായിരുന്നു ഡിജിപിയുടെ ഖേദപ്രകടനമെന്നായിരുന്നു പിതാവിന്റെ പ്രതികരണം,തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത ജയചന്ദ്രനെയും മകളായ എട്ട് വയസുകാരിയെയും പൊതു മധ്യത്തിൽ അപമാനിച്ചത്.
പിന്നീട് ഫോൺ ബാഗിനുള്ളിൽ നിന്ന് കണ്ടെത്തിയിരുന്നെങ്കിലും ക്ഷമ ചോദിക്കാൻ രജിത തയ്യാറായിരുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങൾ വലിയ വിമർശനങ്ങൾക്ക് ഇട നൽകിയിരുന്നു