
കൊച്ചി:പൊള്ളുന്ന ചൂടും വിവാഹ, ഉത്സവകാലം ആരംഭിച്ചതും പൈനാപ്പിൾ കർഷകർക്ക് ഇരട്ടിമധുരമായി. പൈനാപ്പിൾ വില 10 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. വേനലിൽ ഉത്പാദനം കുറഞ്ഞെങ്കിലും വിലയിലെ വർദ്ധനവാണ് കർഷകർക്ക് നേട്ടമായത്.
കഴിഞ്ഞ പത്തു ദിവസമായി വിലയിൽ സാരമായ വർദ്ധനവാണ് ലഭിക്കുന്നത്. ശൈത്യകാലത്ത് പൈനാപ്പിളിന് 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയാണ് നിലവിലുള്ളത്.
മറ്റു സീസണുകളിൽ 60 രൂപ വരെ പഴത്തിന് ലഭിച്ചിട്ടുണ്ട്. കടുത്ത വേനലിൽ ഉത്പാദന ഇടിവിൽ ലഭ്യത കുറഞ്ഞതും വടക്കേയിന്ത്യൻ വിപണിയിൽ ആവശ്യകത വർദ്ധിച്ചതുമാണ് വില കൂടാനുള്ള ഘടകങ്ങളെന്ന് കർഷകരും വ്യാപാരികളും പറഞ്ഞു. നോയമ്പുകാലം കൂടി വരുന്നതോടെ വില ഇനിയും വർദ്ധിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓറഞ്ച്, ആപ്പിൾ തുടങ്ങിയ പഴങ്ങളെക്കാൾ സ്വീകാര്യത പൈനാപ്പിളിനുണ്ട്. പഴമായും പഴച്ചാറായും കഴിച്ചാലും പൈനാപ്പിൾ മടുക്കില്ലെന്ന പ്രത്യേകതയുണ്ട്. ജൈവകൃഷിരീതി സ്വീകരിക്കുന്നതിനാൽ ഏറ്റവും സുരക്ഷിതവുമാണ്. കടകളിൽ ഏറ്റവും വിൽക്കപ്പെടുന്നതും പൈനാപ്പിൾ ജ്യൂസാണ്.
വിളവെടുപ്പ് എപ്പോൾ വേണമെന്ന് കർഷകർക്ക് തീരുമാനിക്കാൻ കഴിയും കൃഷിയാണ് പൈനാപ്പിൾ. ആവശ്യകത കൂടുതലുള്ള കാലം കണക്കാക്കിയാണ് കാനി (തൈ) നടുന്നത്. നാല് മുതൽ അഞ്ചുമാസം വരെയാണ് വിളവെടുപ്പിന് വേണ്ടത്.
ഒരേസമയത്ത് വിളവെടുക്കാവുന്ന രീതിയാണ് കർഷകർ സ്വീകരിക്കുന്നത്. ചെടിയിൽ പൂവിടാൻ എത്തിയോൺ എന്ന വാതകം രൂപപ്പെടണം. ഇതിനായി ദ്രാവകരൂപത്തിലുള്ള മരുന്ന് ചെടിയിൽ തളിക്കും. ഇതുവഴി ഒരേകാലത്ത് കായ വളരും.
ഉത്പാദനത്തിലും ഉപഭോഗത്തിലും 15 ശതമാനത്തിലേറെ വർദ്ധനവുണ്ട്. ഇതുമൂലം വില വർദ്ധനവിൽ സ്ഥിരത പ്രതീക്ഷിക്കുന്നില്ലെങ്കിലും കർഷകർക്ക് നേട്ടവും ആശ്വാസവുമാണ്.



