
പാലക്കാട്: കേരളത്തില്‍ തുടർഭരണം വേണ്ടെന്ന കവി കെ. സച്ചിദാനന്ദന്റെ അഭിപ്രായത്തിന് മറുപടിയായി മുൻ മന്ത്രിയും സിപിഐ നേതാവുമായ കെ.ഇ.
ഇസ്‌മായില്‍ രംഗത്ത്. തുടർച്ചയായ ഭരണത്തില്‍ ദുരധികാരം വളരാതിരിക്കാനുള്ള ജാഗ്രത അനിവാര്യമാണെങ്കിലും, ഒരു പരിധിവരെ അതിനെ നിയന്ത്രിക്കാൻ എല്‍ഡിഎഫിന് കഴിഞ്ഞുവെന്നും ഇസ്മയില്‍ പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും ഇസ്‌മായില്‍ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പിണറായി വിജയന്റെ ഭക്ഷണ ശീലത്തെ കുറിച്ച് സിപിഐ നേതാവ് സി ദിവാകരൻ നടത്തിയ പരാമർശങ്ങളോടും ഇസ്മയില്‍ പ്രതികരിച്ചു. ചൂരമീനാണെന്ന് കരുതി ഭക്ഷണത്തിന്റെ മുന്നില്‍ നിന്ന് എഴുന്നേറ്റ് പോകുന്നയാളല്ല പിണറായി എന്നായിരുന്നു ഇസ്മയിലിന്റെ പരാമർശം. സി. ദിവാകരന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും ഇസ്‌മായില്‍ കൂട്ടിച്ചേർത്തു. മുൻമന്ത്രി വി.എസ്. സുനില്‍കുമാറിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയസാധ്യതയാണ് പ്രധാന പരിഗണനയെങ്കില്‍ സുനിലിന് അവസരം നല്‍കേണ്ടതുണ്ടെന്നും ഇസ്മയില്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർഭരണം ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് അനുകൂലമല്ലെന്ന നിലപാടാണ് സച്ചിദാനന്ദൻ മുമ്പ് വ്യക്തമാക്കിയിരുന്നത്. ഒരേ പാർട്ടി തുടർച്ചയായി അധികാരത്തിലെത്തുമ്പോള്‍ അവസരവാദികള്‍ ഇടതുപക്ഷത്തിലേക്ക് ചേക്കേറാനുള്ള സാധ്യത കൂടുതലാണെന്നും അത് പാർട്ടിയുടെ സ്വഭാവത്തെ ബാധിക്കുമെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
ഭരണപക്ഷവും പ്രതിപക്ഷവും മാറിമാറി വരുന്നതാണ് ജനാധിപത്യത്തിന്റെ സ്വഭാവമെന്നും സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി. സച്ചിദാനന്ദന്റെ നിലപാടിന് എഴുത്തുകാരി സാറാ ജോസഫ് അടക്കമുള്ളവർ പിന്തുണ അറിയിച്ചിരുന്നു.



