മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണിന് ഇഡി നോട്ടീസയച്ചത് പാര്‍ട്ടിക്കു പോലുമറിയാത്ത രഹസ്യം: വിവേക് ഹാജരാകാതിരുന്നിട്ടും ഇഡി തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് ബിജെപി-സിപിഎം അന്തര്‍ധാരയുടെ ഭാഗമായുള്ള സെറ്റില്‍മെന്‍റിനെ തുടര്‍ന്നെന്ന പ്രതിപക്ഷ ആരോപണത്തിലും പാര്‍ട്ടിയോ മുഖ്യമന്ത്രിയോ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയം

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണിന് ഇഡി(എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്) നോട്ടീസയച്ചത് പാര്‍ട്ടിക്കു പോലുമറിയാത്ത രഹസ്യം.

സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടി മകന്‍ വിവേകിന് ഇഡി അയച്ച നോട്ടീസ് പുറത്തു വന്നതിനു പിന്നാലെ ആരും ഒന്നും അറിഞ്ഞില്ലെന്ന പ്രതിരോധവുമായി സിപിഎം മന്ത്രിമാര്‍ രംഗത്തെത്തിയിട്ടും വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്.

വിവേക് ഹാജരാകാതിരുന്നിട്ടും ഇഡി തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് ബിജെപി-സിപിഎം അന്തര്‍ധാരയുടെ ഭാഗമായുള്ള സെറ്റില്‍മെന്‍റിനെ തുടര്‍ന്നെന്ന പ്രതിപക്ഷ ആരോപണത്തിലും പാര്‍ട്ടിയോ മുഖ്യമന്ത്രിയോ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ഒക്ടോബര്‍ 14 ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വിലാസത്തില്‍ നോട്ടീസയച്ചത്. എന്നാല്‍ ഇത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണെന്നും വിവേക് ഇവിടെയല്ല താമസം എന്നും ചൂണ്ടിക്കാട്ടി നോട്ടീസ് തിരിച്ചയക്കുകയുമായിരുന്നെന്നാണ് പുറത്തു വരുന്ന വിവരം.

ആദ്യ നോട്ടീസ് കൈപ്പറ്റിയില്ലെങ്കില്‍ തുടര്‍ നോട്ടീസുകള്‍ അയയ്ക്കാനും മൂന്നു നോട്ടീസുകള്‍ക്കു ശേഷം റെയ്ഡ് നടത്തി ആളെ അറസ്റ്റു ചെയ്യാനും രേഖകള്‍ കണ്ടെത്താനുമുള്ള അധികാരം ഇഡിക്കുണ്ട്. എന്നാല്‍ ആദ്യ നോട്ടീസിനു ശേഷം ഇഡി തുടര്‍നടപടികള്‍ സ്വീകരിച്ചതായി വിവരമില്ല. മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണ്‍ ഇഡിക്കു മുന്നില്‍ ഹാജരായോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇത് ദുരൂഹമാണെന്നാണ് പ്രതിപക്ഷമുയര്‍ത്തുന്ന വിമര്‍ശനം.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി കള്ളപ്പണ ഇടപാടുകളും വിദേശസാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്നും അതില്‍ മുഖ്യമന്ത്രിയുടെ മകനും ബന്ധമുണ്ടെന്നും ചില മൊഴികള്‍ ഇഡിക്കു കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അബുദാബിയിലെ ബാങ്കില്‍ ജോലി ചെയ്യുന്ന വിവേകിന്‍റെ സാമ്പത്തിക ഇടപാടുകള്‍ സമഗ്രമായി പരിശോധിക്കാന്‍ ഇഡി നടപടി സ്വീകരിച്ചതെന്നാണ് സൂചന.

ഇന്ത്യയിലും വിദേശത്തുമുള്ള വിവേകിന്‍റെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍, അവ തുടങ്ങിയതു മുതലുള്ള വിശദമായ സ്റ്റേറ്റ്മെന്‍റ് എന്നിവ ഹാജരാക്കാനും വിവേകിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ വിശദാംശങ്ങളും അതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.

സമന്‍സിലെ തുടര്‍നടപടി നിലച്ചതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്ബോള്‍ തെളിവില്ലാത്തത് കൊണ്ടാണ് ഇഡി പിന്മാറിയതെന്ന വാദമാണ് മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയ മന്ത്രിമാരായ കെ.എന്‍. ബാലഗോപാലും വി. ശിവന്‍കുട്ടിയും മുന്നോട്ടുവയ്ക്കുന്നത്. അതേസമയം തന്നെ നോട്ടീസിനെ കുറിച്ച്‌ തങ്ങള്‍ക്കും പാര്‍ട്ടിക്കുമറിയില്ലെന്നും മന്ത്രിമാര്‍ വ്യക്തമാക്കയിട്ടുണ്ട്.

വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.