വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി; അടച്ച കെട്ടിടമാണെന്ന് പറഞ്ഞ് മന്ത്രിമാരെ കുഴിയിൽ ചാടിച്ചത് ആശുപത്രി സൂപ്രണ്ട്; മന്ത്രിമാർ പറഞ്ഞതിനപ്പുറം ഒന്നുമില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി; കോട്ടയം മെഡിക്കല്‍ കോളജിലെത്തി നിമിഷങ്ങള്‍ക്കകം മടക്കം; ആ മക്കളുടെ കണ്ണീരിന് ആര് സമാധാനം പറയും

Spread the love

 

കോട്ടയം:  മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്ന് വീണ് രോഗിയുടെ അമ്മ മരിക്കാനിടയായത് രക്ഷാദൗത്യം വൈകിയതിനാലാണെന്ന ആരോപണം നിലനില്‍ക്കെ സന്ദര്‍ശനം നിമിഷങ്ങള്‍ക്കകം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങി.

അപകടം നടന്ന സ്ഥലം സന്ദർശിക്കാതെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്കാണ് മുഖ്യമന്ത്രി പോയത്. അവിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി വി.എന്‍. വാസവനും ഉണ്ടായിരുന്നു.
മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മടങ്ങിയത്. മെഡിക്കല്‍ കോളേജില്‍ എത്തിയ മുഖ്യമന്ത്രി നിമിഷങ്ങള്‍ക്കകം മടങ്ങുകയായിരുന്നു. പറയാന്‍ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാര്‍ പറഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രി എത്തിയത്. കോട്ടയത്തും കൊച്ചിയിലും തിരുവനന്തപുരത്തുമടക്കം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനം നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്തം ഉണ്ടായപ്പോള്‍ സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എന്‍ വാസവനും വീണ ജോര്‍ജും ആളൊഴിഞ്ഞ കെട്ടിടമാണെന്ന് പറയുകയുണ്ടായി. എന്നാല്‍ വളരെ വൈകിയാണ് ഒരു സ്ത്രീ അതില്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ഉയര്‍ന്നതും പരിശോധനയില്‍ പരിക്കുകളോടെ കണ്ടെത്തിയതും. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനുമായില്ല. ഇത്തരത്തിൽ ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് മന്ത്രിമാരെ കുഴിയിൽ ചാടിച്ചത് ആശുപത്രി സൂപ്രണ്ടാണ്

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാലാം വാര്‍ഡ് കെട്ടിടം തകര്‍ന്നു വീണ കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങി തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇവര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടം നടന്ന ശേഷം രണ്ടര മണിക്കൂര്‍ നേരമാണ് ബിന്ദു അതിനുള്ളില്‍ കുടുങ്ങിക്കിടന്നത്. മകളുടെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു ബിന്ദുവും ഭര്‍ത്താവും.

കെട്ടിടം തകര്‍ന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു ബിന്ദുവിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു ബിന്ദുവെന്ന് ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. ഇവരുടെ മകള്‍ ട്രോമാ കെയറില്‍ ചികില്‍സയിലാണ്

സംഭവം നടക്കുമ്പോള്‍ ജില്ലാതല വികസനസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്നു. അവിടെ നിന്നാണ് മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലേക്ക് എത്തിയത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളുടെ നവകേരള സദസ്സിന്റെ ഭാഗമായുള്ള ജില്ലാതല പദ്ധതി അവലോകന യോഗം ഏറ്റുമാനൂര്‍ തെള്ളകത്ത് നടക്കുന്നതിനിടെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടമുണ്ടായത്.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും ആരോഗ്യവകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും അവലോകനയോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാവരും സംഭവസ്ഥലത്ത് എത്തിയിരുന്നു. മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം പെട്ടെന്നെടുത്തതാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, സന്ദര്‍ശനം കഴിഞ്ഞ് പുറത്തേക്ക് വന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് സംഘം കരിങ്കൊടി പ്രതിഷേധം നടത്തി. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്

സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും വീണ ജോര്‍ജ് അറിയിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തകര്‍ന്ന കെട്ടിടം മെഡിക്കല്‍ കോളേജിന്റെ പഴയ ബ്ലോക്കാണ്. ജെസിബി അപകട സ്ഥലത്തേക്ക് എത്തിക്കാന്‍ പ്രയാസമുണ്ടായിരുന്നു. ആദ്യം രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു വിവരം. പിന്നീട് ഒരു സ്ത്രീയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ ഉടന്‍ തെരച്ചില്‍ തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാലപ്പഴക്കം കൊണ്ട് കെട്ടിടം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് നേരെത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അന്നൊന്നും അതിന് കാര്യമായ ഫണ്ട് വെച്ചിരുന്നില്ല. അടച്ച ബ്ലോക്ക് തന്നെയായിരുന്നു തകര്‍ന്നത്. ഏത് സാഹചര്യത്തില്‍ ആണ് ഈ കെട്ടിടം ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

‘വളരെ ദാരുണമായ സംഭവമാണ് നടന്നത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവം അറിഞ്ഞ് അവിടെ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരമാണ് മാധ്യമങ്ങളുമായി പങ്കുവെച്ചത്. മുഖ്യമന്ത്രി സംഘടിപ്പിച്ച റീജിയണല്‍ മീറ്റിങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് താനും മന്ത്രി വാസവനും അപകടവിവരം അറിഞ്ഞത്. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധിച്ചു, ഉള്ളില്‍ ആരുമില്ല എന്ന വിവരമാണ് ലഭിച്ചത്. അതേവിവരമാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്,’ മന്ത്രി പറഞ്ഞു.

‘കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റുക എന്നതിലുപരി ആരെങ്കിലും ഉള്ളില്‍പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സമയം കളയാതെ ആവശ്യമായ മെഷീനുകളും മറ്റും എത്തിച്ചത്. സ്ഥലത്തേക്ക് ജെസിബി എത്തിച്ചു, അത് കെട്ടിടത്തിനുള്ളിലേക്ക് കടത്താന്‍ പ്രയാസമുണ്ടായിരുന്നു. കെട്ടിടത്തില്‍ ആരും ഇല്ലാ എന്ന് പറഞ്ഞെങ്കിലും, ആരെങ്കിലും ഉണ്ടാകുമോ എന്ന് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ യുവതിയെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥയുണ്ടായി എന്ന് പറയാനാവില്ല,’ മന്ത്രി വ്യക്തമാക്കി.

‘കോട്ടയം മെഡിക്കല്‍ കോളേജിന്റെ ആദ്യത്തെ ബ്ലോക്ക് ആണ് സര്‍ജിക്കല്‍ ബ്ലോക്ക്. ഇതിനോടുചേര്‍ന്നുള്ള ടോയ്ലെറ്റ് ബ്ലോക്കിന്റെ മേല്‍ക്കൂരയാണ് ഇന്ന് തകര്‍ന്നുവീണത്. 68 കൊല്ലം മുന്‍പ്, കോട്ടയം മെഡിക്കല്‍ കോളേജ് തുടങ്ങിയപ്പോള്‍ നിര്‍മിച്ച് കെട്ടിടമാണത്. ആ കെട്ടിടം നിലവില്‍ ഉപയോഗിച്ചിരുന്നില്ല, അടച്ചിട്ടിരുന്നതാണ് എന്നാണ് പ്രാഥമികമായി ലഭിച്ചിട്ടുള്ള വിവരം. ഇതടക്കം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

‘കെട്ടിടം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണെന്ന് 2012-13 കാലഘട്ടത്തില്‍തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നുവീഴുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടുള്ള പിഡബ്ല്യുഡിയുടെയും മറ്റും കത്തിടപാടുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് വേണ്ടിയോ പൊളിക്കുന്നതിന് വേണ്ടിയോ ഉള്ള ഫണ്ടുകള്‍ അനുവദിച്ചിരുന്നില്ലെന്നും മന്ത്രി ആരോപിച്ചു.