സ്വന്തംലേഖകൻ
ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് തരംഗമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. ആകെയുളള 20 സീറ്റുകളിൽ പത്തൊമ്പതിലും യുഡിഎഫ് വലിയ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്നു. കണ്ണുരിൽ ഇത്തവണ കോൺഗ്രസിന്റെ കെ സുധാകരനാണ് മുന്നിൽ നിൽക്കുന്നത്. എൽഡിഎഫിന്റെ പികെ ശ്രീമതി ടീച്ചറേക്കാൾ 80000ത്തിലധികം വോട്ടുകൾക്കാണ് കെ സുധാകരൻ ലീഡ് ചെയ്തിരിക്കുന്നത്. കെ സുധാകരന്റെ വിജയം കണ്ണൂർ മണ്ഡലത്തിൽ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.അതേസമയം കേരളത്തിൽ യുഡിഎഫ് തരംഗം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് കെ സുധാകരൻ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു. യുഡിഎഫിന്റെ കേരളത്തിലെ വിജയശിൽപ്പി മുഖ്യമന്ത്രിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം എത്തിയിരുന്നത്. ഇത്തവണത്തെ വിജയത്തിന് ആദ്യം നന്ദി പറയുന്നത് പിണറായി വിജയനോടാണെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.’യുഡിഎഫിന്റെ വിജയശിൽപ്പിയായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നു. എവിടെയാണ് കേരളം എന്ന പാഠം പഠിപ്പിച്ചു തന്നത് പിണറായി വിജയനാണ്. ഇത്രയേറെ വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിതെന്നും സുധാകരൻ പറഞ്ഞു. കോടിയേരിയുടെയും പിണറായി വിജയന്റെയും ഷൈലജ ടീച്ചറുടെയും മണ്ഡലങ്ങളിൽ യുഡിഎഫിനാണ് മുൻതൂക്കം. കേരളത്തിൽ സമഗ്രമായി യുഡിഎഫിന്റെ അപ്രമാദിത്വം വെളിവാക്കിയ തിരഞ്ഞെടുപ്പാണിത്. കണ്ണൂരിലേത് റെക്കോർഡ് ഭൂരിപക്ഷമാണെന്നും യുഡിഎഫിന് വിജയം നേടാൻ സഹായിച്ച മതേതര ജനാധിപത്യ ശക്തികൾക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. കഴിഞ്ഞ തവണ സുധാകരനെ അട്ടിമറിച്ച് പികെ ശ്രീമതി ടീച്ചറാണ് ഇവിടെ വിജയം നേടിയിരുന്നത്. 6,566 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അന്ന് ്ശ്രീമതി ടീച്ചർ വിജയിച്ചിരുന്നത്. എന്നാൽ ഇത്തവണ കാര്യങ്ങളെല്ലാം മാറിമറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിനുളള പകരം വീട്ടികൊണ്ടാണ് കെ സുധാകരൻ് മുന്നേറുന്നത്.