സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്ററിന് മൂന്ന് മാസത്തെ വാടക അനുവദിച്ചു. 2.40 കോടിയാണ് വാടകയായി അനുവദിച്ചത്. ഈ മാസം 22 നാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ടായാണ് കെ.എൻ. ബാലഗോപാല്‍ തുക അനുവദിച്ചത്.
കേരളം അതീവ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴാണ് ഇത്. ഹെലികോപ്ടർ അത്രയേറെ ഉപയോഗിക്കാത്ത സാഹചര്യത്തില്‍ തീർത്തും ധൂർത്തായി മാറുകയാണ് ഈ തുക. ഹെലികോപ്റ്ററിന്റെ മൂന്ന് മാസത്തെ വാടക ആവശ്യപ്പെട്ട് മെയ് 6 ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം അടിയന്തിരമായി അനുവദിക്കാൻ മെയ് 15 ന് മുഖ്യമന്ത്രി കെ.എൻ. ബാലഗോപാലിന് നിർദ്ദേശം നല്‍കിയതിനെ തുടർന്നാണ് അധിക ഫണ്ട് അനുവദിച്ചത്. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ ഹെലികോപ്റ്റർ വാടക. ചിപ്‌സൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടകക്കായി എടുത്തത്.
അതിനിടെ വിവാദങ്ങളൊഴിവാക്കാൻ സാമ്പത്തിക പ്രതിസന്ധികാരണം ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണത്തില്‍ ഇളവുനല്‍കുകും ചെയ്തു ധനവകുപ്പ്. 25 ലക്ഷം രൂപവരെയുള്ള ബില്ലുകള്‍ മുൻകൂർ അനുമതിയില്ലാതെ മാറാം. നിലവില്‍ അഞ്ചുലക്ഷത്തിനു മുകളിലുള്ള ബില്ലുമാറാൻ പ്രത്യേക അനുമതിവേണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഓഗസ്റ്റിലാണ് പരിധി അഞ്ചുലക്ഷമാക്കി കുറച്ചത്. ചിലഘട്ടങ്ങളില്‍ ഒരുലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ മാറാൻപോലും നിയന്ത്രണമുണ്ടായിരുന്നു. സിപിഎം യോഗങ്ങളിലെ വിമർശനങ്ങള്‍ കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.
മുഖ്യമന്ത്രിയുടെ യാത്രയ്ക്കും ദുരന്തനിവാരണ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങള്‍ക്കുമായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ച സർക്കാർ നടപടി പല വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും സാമ്ബത്തിക ബാധ്യതയെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ചെലവ് കാരണം ഒഴിവാക്കിയ ഹെലികോപ്റ്റർ ആശയം വീണ്ടു പൊടിതട്ടിയെടുത്തു.
നിത്യ ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകാതെ സംസ്ഥാനം നട്ടംതിരിയുന്നതിനിടെയാണ് ഹെലികോപ്റ്റർ വാടക നല്‍കുന്നതെന്നാണ് വിമർശനം. കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടർ വാടകക്കെടുത്തത്. വൻ ധൂർത്തെന്ന് ആക്ഷേപം ഉയർന്നതോടെ ഒരു വർഷത്തിന് ശേഷം ആ കരാർ പുതുക്കിയില്ല. രണ്ടര വർഷത്തിന് ശേഷം വീണ്ടും ഹെലികോപ്ടർ തിരിച്ചെത്തുകയും ചെയ്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നെങ്കിലും തീരുമാനത്തില്‍ ഉറച്ചുതന്നെ സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ വാടകയായി നല്‍കേണ്ടുന്നത്. അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം. പൈലറ്റ് ഉള്‍പ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. 3 വർഷത്തേക്കാണ് കരാർ.
ഒന്നാം പിണറായി സർക്കാർ പവൻ ഹംസ് കമ്ബനിയില്‍ നിന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിരുന്നില്ല.