play-sharp-fill
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കൈയ്യിൽ ഇപ്പോഴും അധികാരം; ഒരു വർഷത്തിലേറെയായി  സെക്രട്ടറിയേറ്റിന്റെ  പടിയ്ക്ക് പുറത്തെങ്കിലും ഇടപെടലുകൾ ശക്തം; സാധാരണക്കാരുടെ നിരവധി ഫയലുകൾ കെട്ടിക്കിടക്കുമ്പോഴും  ശിവശങ്കരന്റെ ഫയൽ തീർപ്പാക്കിയത് അഞ്ച്  ദിവസത്തിനുള്ളിൽ;  ശിവശങ്കരന് ഇപ്പോഴും സർക്കാരിൽ ‘നല്ല പിടി’

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കൈയ്യിൽ ഇപ്പോഴും അധികാരം; ഒരു വർഷത്തിലേറെയായി സെക്രട്ടറിയേറ്റിന്റെ പടിയ്ക്ക് പുറത്തെങ്കിലും ഇടപെടലുകൾ ശക്തം; സാധാരണക്കാരുടെ നിരവധി ഫയലുകൾ കെട്ടിക്കിടക്കുമ്പോഴും ശിവശങ്കരന്റെ ഫയൽ തീർപ്പാക്കിയത് അഞ്ച് ദിവസത്തിനുള്ളിൽ; ശിവശങ്കരന് ഇപ്പോഴും സർക്കാരിൽ ‘നല്ല പിടി’

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇടതുസർക്കാർ രണ്ടാമതും അധികാരത്തിലെത്തിയപ്പോഴും പിണറായി വിജയൻ ഉൾപ്പെടുന്ന മന്ത്രി സഭ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ടത് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേസിലാണ്.മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരന് സ്വർണ്ണക്കടതത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷുമായുള്ള ബന്ധത്തെപ്പറ്റിയുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ പിണറായി വിജയനുമേലും സംശയത്തിന്റെ കരിനിഴൽ വീണിരുന്നു.കേസുമായുള്ള ശിവശങ്കരന്റെ ബന്ധം കൂടുതൽ ഉറപ്പിച്ച സാഹചര്യത്തിൽ പോലും മുഖ്യമന്ത്രി അദ്ദേഹത്തെ പരമാവധി സംരക്ഷിച്ചു നിർത്തിയെങ്കിലും ഉദ്യോഗസ്ഥനെ ഒടുവിൽ അദ്ദേഹത്തിന് കൈവിടേണ്ടി വന്നു. ഇപ്പോൾ ഒരു വർഷത്തിലേറെയായി എം ശിവശങ്കരൻ സെക്രട്ടറിയേറ്റിന്റെ പടിക്ക് പുറത്താണ്. എന്നാൽ സസ്‌പെൻഷനിൽ ആണങ്കിലും എം ശിവശങ്കരന് ഇപ്പോഴും സർക്കാരിൽ കാര്യമായ സ്വാധീനമുണ്ട് എന്നുതന്നെയയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ആവശ്യങ്ങൾ അടങ്ങിയ ഫയലുകളെല്ലാം അതിവേഗത്തിലാണ് നീളുന്നത്.


കോവിഡ് കാരണം നിരവധി സാധാരണക്കാരുടെ ഫയലുകൾ കെട്ടിക്കിടക്കുമ്പോഴാണ് ശിവശങ്കരന്റെ ഫയൽ അതിവേഗത്തിൽ തീർപ്പാക്കപ്പെട്ടത്. മകന്റെ ചികിത്സാ ഇനത്തിൽ ചെലവായ തുക കിട്ടാൻ വേണ്ടി സസ്‌പെൻഷനിലുള്ള ശിവശങ്കരൻ നൽകിയ അപേക്ഷ അതിവേഗത്തിലാണ് തീർപ്പാക്കപ്പെട്ടത്. സെപ്റ്റംബർ 25ന് മകന്റെ ചികിൽസ കോസ്‌മോ ഹോസ്പിറ്റലിൽ നടത്തിയതിന് 1,73, 399.72 രൂപ ചെലവായെന്നും മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് വഴി തുക ലഭിക്കണമെന്നും ആവശ്യപ്പെട്ട് ശിവശങ്കർ ഐ.എ.എസ് പൊതുഭരണ വകുപ്പിൽ അപേക്ഷ കൊടുത്തപ്പോൾ അതിവേഗത്തിലാണ് കാര്യങ്ങൾ ശരിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷ നൽകി വെറും അഞ്ച് പ്രവൃത്തി ദിനത്തിനുള്ളിൽ ഫയൽ ഓർഡറായി. ചെലവായ 1,73,400 രൂപ ശിവശങ്കറിന് നൽകാൻ പൊതുഭരണ വകുപ്പ് ഉത്തരവിടുകയാണ്. സാധാരണക്കാരായ വ്യക്തികൾ ചികിത്സാ സഹായം കിട്ടാൽ ഓഫീസികൾ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ് അതിവേഗത്തിൽ എം ശിവശങ്കരന് വേണ്ടി ഫയൽ നീക്കം നടക്കുന്നത്. അധികം വൈകാതെ ശിവശങ്കരൻ വീണ്ടും സർവീസിൽ തിരികെ കയറുമോ എന്നാണ് ഇനി അറിയേണ്ടത്.

അടുത്തിടെ പല വിവാദങ്ങളിൽ നിന്നും ശിവശങ്കരന് ക്ലീൻചിറ്റ് ലഭിച്ചിരുന്നു. കോവിഡ് രോഗികളുടെ വിവര വിശകലനത്തിന് സ്പ്രിങ്ലറിനെ നിയമിച്ച വിഷയത്തിൽ എം ശിവശങ്കരന് എതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ ഏർപ്പെടുത്തിയ രണ്ടാമത്തെ സമിതി ശിവശങ്കരന് നേരത്തെ ക്ലീൻചിറ്റ് നൽകിയിരുന്നു. വീഴ്ചകൾ ഉണ്ടായെങ്കിലും കരാർ സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമല്ലെന്നും കരാറിന്റെ പൂർണ്ണ ഉത്തരവാദിയായ എം ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. അവശ്യമായ ചർച്ചകൾ നടത്തിയില്ലെന്നും സ്വകാര്യ വിവരങ്ങൾ അപ്ലോഡ് ചെയ്യും മുമ്പ് ഡേറ്റ സുരക്ഷ ഉറപ്പ് വരുത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മുൻ നിയമ സെക്രട്ടറി കെ ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. നേരത്തേ, മുൻ വ്യോമയാന സെക്രട്ടറി എം മാധവൻ നമ്പ്യാർ, സൈബർ സുരക്ഷാ വിദഗ്ധൻ ഡോ ഗുൽഷൻ റായ് എന്നിവരടങ്ങുന്ന കമ്മിറ്റി നല്കിയ റിപ്പോർട്ട് പരിശോധിക്കാനാണ് പുതിയ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാൽ, ഈ കമ്മിറ്റി ശിവശങ്കറിനെ വെള്ള പൂശാൻ ഉള്ളതാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

ശിവശങ്കരന്റെ സസ്‌പെൻഷൻ കാലാവധി അവസാനിച്ചതിനെ തുടർന്ന് വീണ്ടും സർക്കാർ സസ്‌പെൻഷൻ നീട്ടിക്കൊണ്ട് തീരുമാനം കൈക്കൊണ്ടിരുന്നു. ഇതോടെ വീണ്ടും സർവീസിൽ തിരികെ എത്താനുള്ള അദ്ദേഹത്തിന്റെ അവസരം ഇല്ലാതായി. രണ്ടാം പിണറായി സർക്കാറിൽ മന്ത്രിസഭയിൽ അടക്കം അടിമുടി പൊളിച്ചെഴുത്തു വരുത്തിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുടെ കാര്യത്തിൽ മാത്രം കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയില്ല. സി എം രവീന്ദ്രൻ അടക്കമുള്ളവർ ഇക്കുറിയും മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ശിവശങ്കരന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹം നിയമിതനായില്ലെങ്കിലും മറ്റൊരു പോസ്റ്റ് ലഭിക്കാൻ സാധ്യത അവശേഷിക്കുന്നുണ്ട്. അധികം വൈകാതെ ഇക്കാര്യത്തിലും തീരുമാനം ഉണ്ടായേക്കും.

സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സർക്കാർ ഓഫിസിൽ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് എം.ശിവശങ്കറിന്റെ സസ്പെൻഷനിലേക്കു നയിച്ചത്. തുടക്കത്തിൽ മുഖ്യമന്ത്രി ശിവശങ്കരനെ കൈവിട്ടില്ലെങ്കിലും തെളിവുകൾ പുറത്തുവന്നതോടെയും സ്വപ്നയെ നിയമിച്ചതും അടക്കമുള്ള വിവാദങ്ങളിലേക്ക് കാര്യങ്ങൾ എത്തിയതോടെ മുഖ്യമന്ത്രിയും കൈവിടുകയാണ് ഉണ്ടായത്.

ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കേസിൽ ശിവശങ്കറിന്റെ പങ്കിനെ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഏജൻസികൾ സർക്കാരിനു കൈമാറിയിട്ടില്ല. ശക്തമായ തെളിവുകൾ കോടതിയിലെത്തിക്കാനും കഴിഞ്ഞിട്ടില്ല. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തലുകൾ ഗുരുതര കുറ്റകൃത്യമല്ലാത്തതിനാൽ സർക്കാരിനു വേണമെങ്കിൽ സസ്പെൻഷൻ പിൻവലിക്കാം.

2023 ജനുവരി മാസംവരെ ശിവശങ്കറിനു സർവീസ് ശേഷിക്കുന്നുണ്ട്. ഒന്നര വർഷത്തോളം കാലാവധിയുള്ള ശിവശങ്കരന്റെ കേസിന്റെ കാര്യത്തിൽ കേന്ദ്ര ഏജൻസികൾ എന്തു തീരുമാനം കൈക്കൊള്ളും എന്ന് പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തുടർന്നുള്ള തീരുമാനം കൈക്കൊള്ളുക. അഴിമതി കേസുകളിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥർ മുൻപ് സസ്പെൻഷനുശേഷം സർവീസിലേക്കു തിരിച്ചു വന്നിട്ടുണ്ട്. അധികം താമസിയാതെ ശിവശങ്കരൻ സർവീസിൽ എത്താനും സാധ്യതയുണ്ട്.