മുൻ സിപിഐഎം നേതാവ് ടികെ ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; അധികാരമോഹിയും അവസരവാദിയുമെന്ന് ആരോപണം

Spread the love

മുന്‍ സിപിഐഎം നേതാവും തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ടികെ ഗോവിന്ദനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ടികെ ഗോവിന്ദന്‍ സ്ഥാനമോഹിയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഗോവിന്ദന്‍ അവസരവാദിയാണെന്നും വിശ്വാസ വഞ്ചനയ്ക്കും അപ്പുറമുളള പ്രവൃത്തിയാണ് ടികെ ഗോവിന്ദന്‍ ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പികെ ശ്യാമള അനുഭവ സമ്പന്നയായ നേതാവാണെന്നും അവരെ വമ്പിച്ച ഭൂരിപക്ഷം നല്‍കി തളിപ്പറമ്പിലെ ജനങ്ങള്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

video
play-sharp-fill

തളിപ്പറമ്പിൽ എംവി ഗോവിന്ദന്റെ പങ്കാളി പികെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി വ്യക്തമാക്കിയാണ് ടി കെ ഗോവിന്ദൻ സിപിഐഎം വിട്ടത്. തുടർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്‌തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടികെ ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടികെ ഗോവിന്ദന്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. അടുത്ത ദിവസം തന്നെ ടികെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെകെ രാഗേഷ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.