ഏത് വികസന പദ്ധതിയെയും എതിര്‍ക്കുക എന്ന നിലപാട് ചിലര്‍ക്കുണ്ട്; ഈ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് കെ-റെയിലിനെതിരെ അത്തരം എതിര്‍പ്പുകളുണ്ടായത്; രണ്ടാം എല്‍ഡിഎഫ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായി അവതരിപ്പിക്കാന്‍ ശ്രമിച്ച കെ-റെയില്‍ പദ്ധതി സാധ്യമാകാതെ പോയതിനെ കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായി അവതരിപ്പിക്കാന്‍ ശ്രമിച്ച കെ-റെയില്‍ (സില്‍വര്‍ലൈന്‍) പദ്ധതി സാധ്യമാകാതെ പോയതിനെ കുറിച്ച്‌ മനസ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് വികസന പദ്ധതിയെയും എതിര്‍ക്കുക എന്ന നിലപാട് ചിലര്‍ക്കുണ്ടെന്നും, ഈ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് കെ-റെയിലിനെതിരെ അത്തരം എതിര്‍പ്പുകളുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കാതിരുന്നത് രാഷ്‌ട്രീയ കാരണങ്ങളാലാണെന്നും, പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നെങ്കില്‍ ജനങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിച്ച്‌ സില്‍വര്‍ലൈന്‍ സാധ്യമാക്കുമായിരുന്നുവെന്നും പിണറായി വിജയന്‍  വ്യക്തമാക്കി.

video
play-sharp-fill

കെ-റെയിലിനെ കുറിച്ച്‌ മുഖ്യമന്ത്രിയുടെ വാക്കുകള്‍

‘കെ-റെയില്‍ പോലൊരു പദ്ധതി നമ്മുടെ നാടിന് ആവശ്യമാണോ അല്ലയോ എന്നുള്ള കാര്യമല്ലേ ആദ്യം ചിന്തിക്കേണ്ടത്. കെ-റെയില്‍ പോലുള്ള ഒരു അതിവേഗ റെയില്‍ യാത്രാ പദ്ധതി ആരെങ്കിലും എതിർക്കുമെന്ന് നമുക്ക് കണക്കാക്കാൻ പറ്റുമോ. കാരണം, നമ്മുടെ നാട് പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. കാലം മാറിക്കൊണ്ടിരിക്കുന്നു. അതിവേഗതയില്‍ നമ്മുടെ ആളുകള്‍ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നു. പല വഴിക്കും നമ്മള്‍ തടസ്സപ്പെട്ട് യാത്ര മുടങ്ങി പോകുന്നു. ഇതെല്ലാം നമ്മുടെ അനുഭവത്തിലുള്ളതല്ലേ? അവിടെ യാത്രയ്ക്ക് വേണ്ടിയുള്ള സൗകര്യം അല്ലേ ഒരുക്കുന്നത്. പക്ഷേ, കേരളത്തില്‍ ഇവിടുത്തെ സര്‍ക്കാരിന്‍റെ പക്ഷത്തല്ലാത്ത രാഷ്ട്രീയ കക്ഷികള്‍, സംഘടനകള്‍ എല്ലാം ഇത്തരം പദ്ധതികളെ എതിർക്കുകയാണ്. അത് ജനങ്ങള്‍ക്ക് എതിർപ്പുള്ളത് കൊണ്ടല്ല. ജനങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നത് കൊണ്ടല്ല. ഈ സര്‍ക്കാരിന്‍റെ കീഴില്‍ ഇത്തരം ഒരു വികസന പരിപാടി വേണ്ട എന്ന മനോഭാവത്താലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ-റെയില്‍ പോലൊരു പദ്ധതിക്ക് സാധാരണ ഗതിയില്‍ പിന്തുണ നല്‍കേണ്ട ബാധ്യതയുണ്ട് കേന്ദ്ര സര്‍ക്കാരിന്. എന്നാല്‍ നമ്മള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമ്പോള്‍ പിന്തുണ ലഭിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണ്. ഏത് വികസന പ്രവർത്തനം വരുമ്പോഴും ജനങ്ങളെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് നടപ്പാക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ദേശീയ പാത വരുമ്പോള്‍, പാതയുടെ ഭാഗമായി ഭൂമി ഏറ്റെടുത്താല്‍ എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് വലിയ തോതില്‍ പ്രചരിപ്പിച്ചിരുന്നതല്ലേ. റോഡിന് ഇരുവശവും രണ്ടായിപ്പോകും എന്നൊക്കെയുള്ള പ്രചരണങ്ങള്‍ അതിനും ഉണ്ടായിരുന്നു. പക്ഷേ, ആ എതിർത്തവർ തന്നെ പിന്നീട് പറഞ്ഞത് എന്താണ്? അവർക്കുള്ള നഷ്‌ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും ഒക്കെ കിട്ടുന്ന സ്ഥിതി വന്നപ്പോ പൂർണ്ണ തൃപ്തിയാണ് ആളുകള്‍ പ്രകടിപ്പിച്ചത്. ഒരു പദ്ധതി കൊണ്ടുവരുന്നത് നാടിന്‍റെ പൊതുവായ വികസനത്തിനാണല്ലോ… ഏതെങ്കിലും ബുദ്ധിമുട്ട് ഒരു വികസന പദ്ധതിയുടെ ഭാഗമായി ആർക്കെങ്കിലും വരുന്നുണ്ടെങ്കില്‍, ആ ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള സഹായം, അതിനുള്ള സംരക്ഷണം, പുനരധിവാസം ഇതെല്ലാമാണല്ലോ വേണ്ടത്. അതെല്ലാം സർക്കാർ ഒരുക്കുമല്ലോ… ആ കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

പക്ഷേ, നമ്മുടെ നാടിന്‍റെ ഒരു ദുരവസ്ഥ ഇതാണ്. ഏത് വികസന കാര്യം വരുമ്പോഴും ആ വികസനത്തെ വികസനമായിട്ട് കാണുന്നില്ല. ഇപ്പോള്‍ വേണ്ട എന്ന് പറഞ്ഞ് പദ്ധതികള്‍ മുടക്കുന്ന നില വന്നാല്‍ എവിടെ എത്തും നമ്മുടെ നാട്. അപ്പോള്‍ അതാണ് നമ്മള്‍ ചിന്തിക്കേണ്ട കാര്യം. അതുകൊണ്ടാണ് പദ്ധതി നടപ്പാക്കാൻ കഴിയാതിരുന്നത്. കെ-റെയില്‍ പദ്ധതിക്ക് അനുമതി കിട്ടിയിരുന്നുവെങ്കില്‍ അത് നടപ്പാക്കേണ്ട സംസ്ഥാന സര്‍ക്കാര്‍, ആളുകളുടെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചുകൊണ്ട് നടപടികളിലേക്ക് കടക്കുമായിരുന്നു’- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.