play-sharp-fill
കടക്ക് പുറത്തിന് ശേഷം, പോയിരിക്ക് അവിടെയുമായി പിണറായി: മുഖ്യമന്ത്രിയുടെ ധാർഷ്ട്യ പ്രകടനം സഹായം അഭ്യർത്ഥിച്ചെത്തിയ വയോധികയോട്; പ്രകടനം അരങ്ങേറിയത് പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവരെ ആദരിക്കുന്ന വേദി

കടക്ക് പുറത്തിന് ശേഷം, പോയിരിക്ക് അവിടെയുമായി പിണറായി: മുഖ്യമന്ത്രിയുടെ ധാർഷ്ട്യ പ്രകടനം സഹായം അഭ്യർത്ഥിച്ചെത്തിയ വയോധികയോട്; പ്രകടനം അരങ്ങേറിയത് പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവരെ ആദരിക്കുന്ന വേദി

സ്വന്തം ലേഖകൻ
കണ്ണൂർ: പരനാറിയ്ക്കും, കടക്കുപുറത്തിനും ശേഷം മലയാള ഭാഷയ്ക്ക പുതിയ വാക്ക് സംഭാവന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിക്കുന്നതിനായി വിളിച്ച് ചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രി മലയാള ഭാഷയ്ക്ക് പുതിയ വാക്ക് സംഭാവന ചെയ്തത്..!
പ്രളയത്തെപ്പറ്റിയും, തനിക്ക് സഹായം ലഭിച്ചില്ലെന്നും പരാതി പറയാൻ വേദിയിലേയ്ക്ക് കയറിയെത്തിയ വയോധികയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതയായത്. ഇവരുടെ കൈ തട്ടിമാറ്റിയ ശേഷം പോയിരിക്കവിടെ എന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിക്കുന്നതിനായി കണ്ണൂർ ജില്ലാ ഭരണകൂടമാണ് ആദരം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടകൻ. മുഖ്യമന്ത്രിയും, മന്ത്രി ഇ.പി ജയരാജനുമാണ് വേദിയിലുണ്ടായിരുന്നത്. ഇതിനിടെയാണ് പ്രായമേറെയുള്ള ഒരു സ്ത്രീ വേദിയിലേയ്ക്ക് കയറി വന്നത്. തുടർന്ന് ഇവർ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈപിടിച്ച ശേഷം തന്റെ പരാധീനതകൾ ഓരോന്നായി തുറന്ന് പറയുകയായിരുന്നു. ഇതിനിടെ ഇവര് മുഖ്യമന്ത്രിയോട് ഒന്നും കിട്ടിയില്ല, ഒന്നും കിട്ടിയില്ല എന്ന് പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ഇതിനിടെ മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും ഇവരുടെ കൈ വിടുവിക്കാൻ മന്ത്രി ഇ.പി ജയരാജൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. കൈവിട്ട ശേഷം ഇവർ മുഖ്യമന്ത്രിയ്ക്ക് നേരെ കൈ ചൂണ്ടുന്നുണ്ട്. ഇതിനിടെ ക്ഷുഭിതനായ മുഖ്യമന്ത്രി ഇവരുടെ കൈ വിടുവിച്ച ശേഷം പോയിരിക്ക് എന്ന് ആക്രോശിച്ച ശേഷം കൈ തട്ടിമാറ്റുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
ശനിയാഴ്ച ഉച്ചമുതലാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പ്രചരിച്ച് തുടങ്ങിയത്. ഇതോടെ കോൺഗ്രസ് പ്രവർത്തകർ ഈ വീഡിയോ ഏറ്റെടുത്തു. വീഡിയോയോടൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രവും ചേർത്തു വച്ചാണ് പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നാണ് ഇപ്പോഴുള്ള പ്രചാരണം. ഇതിനെതിരെ പ്രതിരോധവുമായി സൈബര് സഖാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ഉള്ളിൽ ഒന്ന് വച്ച് പുറത്ത് പെരുമാറാൻ അറിയാത്ത ആളാണ് മുഖ്യമന്ത്രിയെന്നതാണ് ഇവരുടെ ന്യായീകരണം.