വായ്പ തിരിച്ചടവ് മുടങ്ങിയാൽ ഇനി വീട് ജപ്തി ചെയ്യില്ല; കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി

Spread the love

വായ്പ തിരിച്ചടവ് മുടങ്ങി വീട് ജപ്തി ചെയ്യപ്പെടാതിരിക്കാൻ നിയമവുമായി സർക്കാർ. അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പയിലാണ് പുതിയ നിയമം ഒരുങ്ങുന്നത്. തിരിച്ചടവിൽ മന.പൂർവം വീഴ്ചവരുത്താത്ത, മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കാണ് സംരക്ഷണം. ‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ജപ്തി ഭീഷണി നേരിടുന്ന ആയിരങ്ങൾക്ക് ആശ്വാസമേകി വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

വായ്പാത്തുക 5ലക്ഷം വരെയുള്ളതും പിഴയും പിഴപ്പലിശയുമടക്കം 10ലക്ഷം കവിയാത്തതുമായ കേസുകളിലാണ് കർശന ഉപാധികളോടെ നിയമ പരിരക്ഷ. അർഹരായവരെ കണ്ടെത്താൽ സംസ്ഥാന, ജില്ലാ തലത്തിൽ സമിതികളും അതോറിട്ടികളും രൂപീകരിക്കും. പൊതുമേഖലാ- ദേശസാത്കൃത ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, കെ.എസ്.എഫ്.ഇ, കെ.എഫ്.സി പോലുള്ള സർക്കാർ നിയന്ത്രിത ധനകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വായ്പയെടുത്തവർക്കാണ് സംരക്ഷണം. സ്വകാര്യ പണമിടപാട്-മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലെ വായ്പകൾക്ക് സംരക്ഷണമില്ല.

കിടപ്പാടം സംരക്ഷിക്കാനുള്ള ജപ്തിയൊഴിവാക്കാനും വായ്പകൾ എഴുതിത്തള്ളാനും സർക്കാരാവും പണം നൽകുക. ഇതിനായി പ്രത്യേക നിധി രൂപീകരിക്കും. എഴുതിത്തള്ളേണ്ട വായ്പകൾക്ക് നിധിയിൽ നിന്ന് പണം നൽകും. പലിശയും പിഴപ്പലിശയുമടക്കം ഒഴിവാക്കിയാവും എഴുതിത്തള്ളുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജപ്തി പണം നൽകി ഒഴിവാക്കാം

ബാങ്കുകൾ കേന്ദ്രനിയമമായ ‘സർഫാസി’ പ്രകാരമാണ് ജപ്തി നടത്തുന്നതെന്നതിനാൽ സംസ്ഥാന നിയമം കൊണ്ട് ജപ്തി തടയാനാവില്ല.

*പാർലമെന്റ് പാസാക്കിയ ‘സർഫാസി’ നിയമത്തെ നിയമസഭ പാസാക്കുന്ന നിയമം കൊണ്ട് മറികടക്കാൻ കഴിയില്ല.

*ജപ്തി നടപടികൾ തടയാൻ സർക്കാരിനാവില്ല. വായ്പാത്തുക തിരിച്ചടച്ച് കിടപ്പാടം സംരക്ഷിക്കാം.

*കേരളബാങ്ക്, അർബൻ സഹകരണ ബാങ്ക് എന്നിവയ്ക്കും സർഫാസിയാണ് ബാധകം.

കേന്ദ്രാനുമതി വേണ്ടിവരും

ബിൽ പാസായാലും കേന്ദ്രനിയമത്തിന് വിരുദ്ധമായ വ്യവസ്ഥകളുണ്ടോയെന്നറിയാൻ ഗവർണർ ബില്ല് രാഷ്ട്രപതിക്ക് അയക്കും. കേന്ദ്രത്തിന്റെ പരിശോധനയ്ക്ക് ശേഷമാവും തുടർ നടപടികൾ.