
പ്രളയത്തിൽ വീടു തകർന്നവരുടെ പുതിയ അപേക്ഷകൾ സ്വീകരിക്കും
സ്വന്തംലേഖകൻ
തിരുവനന്തപുരം: പ്രളയത്തിൽ വീടു തകർന്നവരിൽ പല കാരണങ്ങളാൽ അപേക്ഷ നൽകാൻ കഴിയാതെ പോയവരിൽനിന്ന് അപേക്ഷ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന കളക്ടർമാരുടെ അറിയിപ്പ് ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് എസ്. ശർമ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണം, അറ്റകുറ്റപ്പണി, ഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ലഭ്യമാക്കിയതുൾപ്പെടെ 98,181 അപ്പീൽ അപേക്ഷകൾ ലഭിച്ചു. ഇതിൽ 85,141 എണ്ണം തീർപ്പാക്കിയിട്ടുണ്ട്. ബാക്കി ഈ മാസം അവസാനത്തോടെ തീർപ്പാക്കാൻ നിർദേശിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾ പരാതിരഹിതമായും സത്വരമായും പൂർത്തിയാക്കുന്നതിനു സഹകരണം, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങിയ വകുപ്പ് അധികൃതർ, ലൈഫ് മിഷൻ കോ-ഓർഡിനേറ്റർ എന്നിവരുടെ യോഗങ്ങൾ ജില്ലാതലത്തിൽ വിളിച്ചുചേർക്കുന്നുണ്ട്. പ്രളയത്തിൽ തകർന്ന 15,079 വീടുകളിൽ 9,329 വീടുകൾ ഗുണഭോക്താക്കൾതന്നെ നിർമാണം നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവർക്കുള്ള ധനസഹായം ഗഡുക്കളായി വിതരണം ചെയ്തുവരികയാണ്. കെയർഹോം പദ്ധതി പ്രകാരം 1,990 വീടുകളുടെ പുനർനിർമാണമാണ് ഏറ്റെടുത്തിട്ടുള്ളത്. 937 വീടുകളുടെ നിർമാണം ഇപ്രകാരം പൂർത്തീകരിച്ചിട്ടുണ്ട്. പ്രാദേശിക സ്പോണ്‍സർഷിപ്പ് വഴി 1,225 വീടുകളുടെ നിർമാണമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി പ്രകാരം 245 വീടുകളുടെ നിർമാണം ഏറ്റെടുത്തിട്ടുണ്ട്.
ഭാഗികമായി തകർന്ന 2,51,227 വീടുകളിൽ 2,21,718 കുടുംബങ്ങൾക്കായി 1163.31 കോടി രൂപ ദുരിതാശ്വാസ സഹായം നൽകിയിട്ടുണ്ട്. ഭാഗികമായി നാശം സംഭവിച്ച വീടുകളെ കേടുപാടിന്റെ തോത് അനുസരിച്ച് നാല് വിഭാഗമായി നിശ്ചയിച്ചാണ് ധനസഹായം അനുവദിക്കുന്നത്. 10,000 രൂപ, 60,000 രൂപ, 1,25,000 രൂപ, 2,50,000 രൂപ എന്നിങ്ങനെ നാല് നിരക്കുകളിലായാണ് ആനുകൂല്യം നൽകുന്നത്. പൂർണമായും തകർന്ന വീടുകൾക്കു നാലു ലക്ഷം രൂപ അനുവദിക്കുന്നുണ്ട്.
പ്രളയത്തിൽ തകർന്ന് 7,602.3 കിലോമീറ്റർ റോഡ് പുനർനിർമിച്ചു. റീസർജന്റ് കേരള ലോണ്‍ മുഖേന കുടുംബശ്രീ വഴി 1,44,947 വനിതകൾക്കായി 1,273.98 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരള പുനർനിർമാണ വികസന പരിപാടിക്കു മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ലോകബാങ്കിൽനിന്നും ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിൽനിന്നും വായ്പ ലഭ്യമാക്കാൻ ധാരണാപത്രം ഒപ്പിടാനും സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.