video
play-sharp-fill
പിണറായി കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി : കെ മുരളീധരൻ

പിണറായി കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി : കെ മുരളീധരൻ

സ്വന്തം ലേഖിക

കണ്ണൂർ: ബംഗാളിലും ത്രിപുരയിലും തകർന്ന് തരിപ്പണമായ സി.പി.എം. കേരളത്തിലും സമാനമായ തകർച്ചയിലാണ്. അടുത്ത തിരഞ്ഞെടുപ്പോടെ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പദവിയായിരിക്കും പിണറായിയുടേതെന്ന് കെ.മുരളീധരൻ എം.പി. പറഞ്ഞു.

പ്രളയാനന്തര പ്രവർത്തനത്തിലെ വീഴ്ച, പി.എസ്.സി. ക്രമക്കേട് എന്നീ വിഷയങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. സംസ്ഥാനവ്യാപകമായി നടത്തുന്ന രാപകൽ സമരത്തിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റ് പടിക്കൽ നടത്തിയ സമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.എസ്.സി. ചോദ്യപേപ്പർ ചോർന്ന സംഭവം സിറ്റിങ് ജഡ്ജിയെക്കൊണ്ടോ സി.ബി.ഐ.യെക്കൊണ്ടോ അന്വേഷിപ്പിക്കണം. ഇക്കാര്യത്തിൽ സ്വതന്ത്രാന്വേഷണം നടത്തണമെന്ന് യു.ഡി.എഫ്. നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി പറഞ്ഞിരിക്കുന്നതും ഇതുതന്നെയാണ്. സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.

യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ യൂണിവേഴ്‌സിറ്റി കോളേജ് നിലവിലുള്ള കെട്ടിടത്തിൽനിന്ന് മാറ്റും. ഇടിച്ചുനിരത്തി പൊതുസ്ഥലമാക്കുകയോ മ്യൂസിയമാക്കുകയോ ചെയ്യണം. നരേന്ദ്രമോദിയും പിണറായിയും തമ്മിൽ ഒരു വ്യത്യാസവുമില്ല. കേരളത്തിൽ അധികാരം പിടിക്കാൻ സംസ്ഥാനത്തെ വിഭജിച്ച് മലബാർ, തിരുവിതാംകൂർ പോലെ സംസ്ഥാനങ്ങളുണ്ടാക്കും. മലബാറിൽ ഇടതുമുന്നണി തിരഞ്ഞെടുപ്പിൽ തോറ്റാൽ അവിടം ലഡാക്ക് പോലെ പ്രത്യേക സ്ഥലമാക്കി മാറ്റാനും പിണറായി മടിക്കില്ല. പുറത്തുനിന്ന് മാത്രമാണ് പിണറായി മോദിക്കെതിരേ പറയുന്നത്. പരസ്പരം കാണുമ്പോൾ സ്തുതിക്കലാണ് ഇരുവരുടെയും പ്രധാന പണി.

കഴിഞ്ഞ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് ഇപ്പോഴും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. സംസ്ഥാനത്തെ മുഴുവൻ എം.എൽ.എ.മാരും തങ്ങളുടെ ഒരു മാസത്തെ വേതനത്തിന്റെ ചെക്ക് മാറിയപ്പോൾ 32 എം.എൽ.എ. മാരുടെ പണം കൊടുത്തതിന്റെ കണക്കില്ല. മാധ്യമങ്ങളാണ് ഈ വിവരം പുറത്തുകൊണ്ടു വന്നത്. കെ.എസ്.ഇ.ബി. ജീവനക്കാർ തങ്ങളുടെ ശമ്പളത്തിൽനിന്ന് വിഹിതം നൽകിയെങ്കിലും ആ പണം അടയ്ക്കാതെ ഒളിച്ചുകളി നടത്തുകയാണെന്നും മുരളീധരൻ പറഞ്ഞു.

യു.ഡി.എഫ്. ചെയർമാൻ പ്രൊഫ. എ.ഡി.മുസ്തഫ അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, വി.കെ.അബ്ദുൾഖാദർ മൗലവി, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ സുമാ ബാലകൃഷ്ണൻ, വി.എ.നാരായണൻ, അഡ്വ. സജീവ് ജോസഫ്, ഐ.എൻ.ടി.യുസി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, പി.കുഞ്ഞുമുഹമ്മദ്, അബ്ദുൾറഹ്മാൻ കല്ലായി, അബ്ദുൾകരീം ചേലേരി തുടങ്ങിയവർ സംസാരിച്ചു.

ഇല്ലിക്കൽ ആഗസ്തി, സി.എ.അജീർ, മാർട്ടിൻജോർജ്, വി.സുരേന്ദ്രൻ, സോണി സെബാസ്റ്റ്യൻ, ഡോ. കെ.വി. ഫിലോമിന, രജനി രമാനന്ദ്, സി.ടി.ഗിരിജ, അജിത്ത് മാട്ടൂൽ തുടങ്ങിയവർ നേതൃത്വം നൽകി.