കേസിൽ നിന്നും പിന്മാറരുതെന്ന് ആദ്യം തന്നോട് പറഞ്ഞത് അവരായിരുന്നു, പിന്നീട് അവർ തന്നെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു ; ബാർ കോഴക്കേസിൽ പിണറായിക്കും കോടിയേരിക്കുമെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ തന്നോട് പിന്മാറരുതെന്ന് പറഞ്ഞത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായിരുന്നു. എന്നാൽ ഇവർ തന്നെ കേസ് ഒത്തുതീർപ്പാക്കനാണ് ശ്രമിച്ചത്. ബാർ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരേ ഗുരുതര ആരോപണവുമായി ബാർ ഉടമ ബിജു രമേശ്.
ബാർ കോഴക്കേസ് ഒത്തുതീർപ്പാക്കാൻ ഇരുവരും ശ്രമിച്ചതെന്ന് വാർത്താസമ്മേളനത്തിലാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. ബാർ കോഴക്കേസ് വിവാദമായതിന് പിന്നാലെ കെ.എം. മാണി പിണറായിയെ കണ്ടിരുന്നു. ഇതിന് ശേഷമാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കം നടന്നത്. വിജിലൻസിൽ വിശ്വാസമില്ലെന്നും ബിജു രമേശ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാർ കോഴക്കേസിൽ തന്റെ മൊഴി വിജിലൻസ് കൃത്യമായി രേഖപ്പെടുത്തിയില്ല. മുകളിൽനിന്നുള്ള നിർദേശപ്രകാരമാണ് ഇതെന്ന് കേസ് അന്വേഷണത്തിന്റെ ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയിരുന്നതായും ബിജു രമേശ് പറഞ്ഞു.
രമേശ് ചെന്നിത്തലയ്‌ക്കെതിരായി താൻ ഉന്നയിച്ച ആരോപണങ്ങളിലും അന്വേഷണം വെറും പ്രഹസനം മാത്രമാകുകയാണ്. ഈ കേസ് കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുകയാണ് വേണ്ടത്. ബാർ കോഴക്കേസ് എൽഡിഎഫും യുഡിഎഫും ഒത്തുകളിച്ച് കേസുകൾ ഇല്ലാതാക്കുകയാണെന്നും ബിജു രമേശ് പറഞ്ഞു.