
സ്വന്തം ലേഖിക
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പൊലീസ് മേധാവിക്കും ഉദ്യോഗസ്ഥര്‍ക്കും പറക്കാന്‍ സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടര്‍ മൂന്നുവര്‍ഷത്തേക്ക് വാടകയ്‌ക്കെടുക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ പൊലീസ് ധാരണയിലെത്തിയതാണ്.
എന്നാൽ കൂനൂരിലെ അപകടത്തിന് ശേഷം ആ തീരുമാനം മുഖ്യമന്ത്രി തന്നെ ഉപേക്ഷിച്ചു. ലോകത്തെ ഏറ്റവും ആധുനിക മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് കോപ്റ്ററും എം. ഐ 8 കോപ്റ്ററിന്റെ റഷ്യന്‍ മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് പതിപ്പുമായ എം.ഐ 17 വി 5 ഹെലികോപ്റ്റര്‍ കൂനൂരിലെ മലനിരകളില്‍ തകര്‍ന്നതോടെ മുഖ്യമന്ത്രി ആശങ്കയിലായി. സേനാ പൈലറ്റുമാരുടെയത്ര വൈദഗ്ദ്ധ്യമുള്ളവരല്ല സ്വകാര്യ ഹെലികോപ്ടര്‍ പറത്തുന്നതെന്നു കൂടി ബോദ്ധ്യമായതോടെ, ഹെലികോപ്ടര്‍ വാടക ഇടപാടിന് അനുമതി നല്‍കിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കണമെന്ന പൊലീസ് മേധാവി അനില്‍കാന്തിന്റെ നിരന്തരമായ ആവശ്യം മുഖ്യമന്ത്രി തള്ളുകയും ചെയ്തു. ട്രാന്‍സ്‌പോര്‍ട്ട് കോപ്റ്ററും സായുധ ആക്രമണ കോപ്റ്ററുമായി ഉപയോഗിക്കാവുന്ന അത്യാധുനിക കോപ്ടറാണ് സംയുക്ത സേനാ മേധാവിക്കായി സജ്ജമാക്കിയിരുന്നത്. പ്രതികൂല കാലാവസ്ഥയിലും പറക്കും. സേനാ വിന്യാസം, ആയുധങ്ങള്‍ എത്തിക്കല്‍, പട്രോളിങ്, തെരച്ചില്‍, രക്ഷാദൗത്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഉപയോഗിക്കാം. സ്ലൈഡിങ് ഡോര്‍, സെര്‍ച്ച് ലൈറ്റ്, പാരച്യൂട്ട്, ഗ്ലാസ് കോക്ക് പിറ്റ്, നൈറ്റ് വിഷന്‍, കാലാവസ്ഥാ റഡാര്‍, ഓട്ടോ പൈലറ്റ് സങ്കേതങ്ങള്‍ എന്നിവയെല്ലാമുള്ള കോപ്ടറിന്റെ വില 11,000 കോടി രൂപയാണ്.
ഒറ്റയടിക്ക് 580 കിലോമീറ്റര്‍ പറക്കാനും 6000 മീറ്റര്‍ ഉയരത്തില്‍ പറക്കാനും ടാങ്ക്വേധ സ്റ്റോം ആക്രമണ മിസൈലുകള്‍, എസ് 8 റോക്കറ്റുകള്‍, മിസൈലുകള്‍, അന്തര്‍വാഹിനി വേധ മിസൈലുകള്‍, 23എം. എം. യന്ത്രതോക്കുകള്‍ എന്നിവ വഹിക്കാനും ശത്രുവിന്റെ കവചിത വാഹനങ്ങള്‍ ഉള്‍പ്പെടെ കരയിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനും കഴിയുന്ന ഈ കോപ്ടറിന്റെ ഇന്ധന ടാങ്കിന് സ്‌ഫോടനത്തില്‍ നിന്ന് സംരക്ഷണം പോലുമുണ്ടായിരുന്നു. എന്നിട്ടും കൂനൂരിലെ മലനിരകളില്‍ ഈ കോപ്ടര്‍ കത്തിയമര്‍ന്നു.
ഈ ദുരന്തത്തിനു പിന്നാലെയാണ് വാടക ഹെലികോപ്ടറില്‍ സഞ്ചരിക്കേണ്ടെന്ന തീരുമാനം മുഖ്യമന്ത്രി എടുത്തത്. സ്വകാര്യ കോപ്ടര്‍ സ്ഥിരമായി വാടകയ്ക്ക് എടുക്കേണ്ടെന്നും അത്യാവശ്യ സാഹചര്യങ്ങളില്‍ എടുക്കാമെന്നുമാണ് ധാരണ. കഴിഞ്ഞദിവസം മുഖ്യമന്ത്രി തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്നെത്തിയത് രവി പിള്ളയുടെ അത്യാധുനിക ഹെലികോപ്ടറിലായിരുന്നു. ഏറ്റവും സുരക്ഷിതമായ അത്യാധുനിക കോപ്ടറാണ് രവി പിള്ളയുടെ എയര്‍ബസിന്റെ എച്ച് 145 ഹെലികോപ്ടര്‍. മേഴ്‌സിഡീസ് ബെന്‍സ് സ്‌റ്റൈലിലെ ഇന്റീരിയറാണ് ഈ ഹെലികോപ്ടറിന്റെ പ്രത്യേകത.
ജര്‍മനിയിലെ എംഎംബിയും ജപ്പാനിലെ കാവസാക്കിയും ചേര്‍ന്ന് 1979ല്‍ വികസിപ്പിച്ച ബികെ 117 എന്ന കോപ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് എച്ച് 145 നിര്‍മ്മാണം. എംഎംബി ഡയ്മ്ലര്‍ ബെന്‍സിന്റെയും തുടര്‍ന്ന് യുറോകോപ്റ്റിന്റെയും ഭാഗമായി മാറിയതോടെ ഇതിന്റെ നിര്‍മ്മാണ അവകാശം എയര്‍ബസിന് ലഭിച്ചു. ഇസി 145 എന്ന എച്ച് 145 ആദ്യമായി നിര്‍മ്മിക്കുന്നത് 1999 ലാണ്. എയര്‍ബസിന്റെ ഹെലികോപ്ടറിന്റെ ഡിവിഷനായ യൂറോകോപ്ടറിന്റെ പേര് എയര്‍ബസ് ഹെലികോപ്ടര്‍ എന്നാക്കി മാറ്റിയപ്പോള്‍ ഇതിന്റെ പേര് എച്ച് 145 എന്നായി. ഏകദേശം 100 കോടി രൂപ വിലയുണ്ട്. അഞ്ച് ബ്ലെയ്ഡുകളുള്ള മെയിന്‍ റോട്ടറും ഫെന്‍സ്ട്രോണ്‍ ടെയില്‍ റോട്ടറുമാണ് ഇതിലുള്ളത്.
ബികെ 117, ഇസി 145, എച്ച് 145 എന്നീ മോഡലുകളിലായി ഇതുവരെ ഏകദേശം 1500 ഹെലികോ്റ്റപറുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 785 കിലോവാട്ട് വരെ കരുത്ത് നല്‍കുന്ന രണ്ട് സഫ്‌റാന്‍ എച്ച്‌ഇ എരിയല്‍ 2സി2 ടര്‍ബോ ഷാഫ്റ്റ് എന്‍ജിനുകളാണ് കോ്റ്റപറില്‍. മണിക്കൂറില്‍ 132 നോട്ട്‌സ് അതായത് ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ വരെ എച്ച് 145ന് സഞ്ചരിക്കാനാകും. 440 നോട്ടിക്കല്‍ മൈലാണ് (814 കിലോമീറ്റര്‍) റേഞ്ച്. 3 മണിക്കൂര്‍ 35 മിനിറ്റ് സമയം നിര്‍ത്താതെ പറക്കാനാകും.
20000 അടി ഉയരത്തില്‍ വരെ സഞ്ചരിക്കാന്‍ ഈ ഹെലികോ്റ്റപറിന് സാധിക്കും. വിവിധ രാജ്യങ്ങളില്‍ എയര്‍ ആംബുലന്‍സായും പൊലീസ് കോപ്ടറായും ഉപയോഗിക്കാം. കോപ്ടര്‍ അപകടത്തില്‍പെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനര്‍ജി അബ്സോര്‍ബിങ് സീറ്റുകളാണു കോപ്ടറിന്റെ മറ്റൊരു പ്രത്യേകത. അപകടങ്ങളിലെ വില്ലനായ ഇന്ധന ചോര്‍ച്ചയുടെ സാധ്യതയും കുറവ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയില്‍ വാര്‍ത്താവിനിമയം നടത്താനുള്ള വയര്‍ലെസ് കമ്യൂണിക്കേഷന്‍ സിസ്റ്റവും ഉണ്ട്.
ഇത്തരം സുരക്ഷിതമായ ഹെലികോപ്ടര്‍ ഏത് സമയത്തും മുഖ്യമന്ത്രിയുടെ ആവശ്യത്തിന് വിട്ടുനല്‍കാമെന്ന് രവി പിള്ള അറിയിച്ചതോടെ, അടിയന്തര സാഹചര്യങ്ങളില്‍ മുഖ്യമന്ത്രി ഇനിമുതല്‍ ഈ കോപ്ടറാവും ഉപയോഗിക്കുക. കഴിഞ്ഞ ഡിസംബറില്‍ വാടക ഹെലികോപ്ടറിന് വിളിച്ച ടെന്‍ഡര്‍ ആറുമാസം കഴിഞ്ഞതോടെ അസാധുവായി. ഇനി പുതിയ ടെന്‍ഡര്‍ വിളിക്കേണ്ടെന്നാണ് പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.