കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ല: ഗതാഗത മന്ത്രിയുടെ ഓഫിസിൽ കർട്ടൻ വാങ്ങാൻ രണ്ട് ലക്ഷം രൂപ അനുവദിച്ചു; മുഖ്യൻ്റെ ഓഫിസില്‍ പുതിയ എ.സി സ്ഥാപിക്കാന്‍ അനുവദിച്ചത് 4.30 ലക്ഷം കൂടി; ഖജനാവ് കാലിയായാലും ചെലവ് ചുരുക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും….!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തികബുദ്ധിമുട്ടിൽ ഞെരുങ്ങിയാലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചെലവ് ചുരുക്കലൊന്നും ബാധകമല്ലെന്ന് കണക്കുകള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലെ സൗകര്യം മെച്ചപ്പെടുത്താന്‍ മാത്രം ചെലവായത് ലക്ഷക്കണക്കിന് രൂപയാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പുതിയ എ.സി സ്ഥാപിക്കാന്‍ 4.30 ലക്ഷം രൂപയാണ് കഴിഞ്ഞദിവസം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടേറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. നിലവിലുള്ള എ.സി പ്രവര്‍ത്തന രഹിതമാണെന്നും അതുകൊണ്ടാണ് പുതിയ എ.സി. വാങ്ങുന്നതെന്നും ആണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ജൂണ്‍ 30നായിരുന്നു പുതിയ എ.സി വാങ്ങിക്കാന്‍ തുക അനുവദിച്ച്‌ പൊതുഭരണ ഹൗസ് കീപ്പിങ് സെല്‍ ഉത്തരവിറക്കിയത്.

കഴിഞ്ഞ ദിവസമാണ് 33 ലക്ഷം രൂപയ്ക്ക് പുതിയ കിയ കാര്‍ണിവല്‍ വാഹനം മുഖ്യമന്ത്രിക്കായി വാങ്ങാന്‍ തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 42 ലക്ഷം രൂപയ്ക്ക് പുതിയ കാലി തൊഴുത്ത് നിര്‍മ്മിക്കാനും കഴിഞ്ഞ ദിവസം തുക അനുവദിച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഓരോ മാസവും ശമ്പളം കിട്ടാന്‍ സമരം ചെയ്യുകയാണെങ്കിലും അതൊന്നും കാര്യമാക്കാത്ത ഗതാഗത മന്ത്രിക്കെതിരെ വിമര്‍ശനം ശക്തമാണ്. അതേസമയം, സ്വന്തം സുഖസൗകര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ മന്ത്രി ആന്റണി രാജുവിന് മടിയില്ല. ഗതാഗത മന്ത്രിയുടെ ഓഫിസില്‍ കര്‍ട്ടനുകളും വെര്‍ട്ടിക്കിള്‍ ബ്ലൈന്‍ഡ്സും സ്ഥാപിക്കാന്‍ ചെലവായത് 2,02,987 (രണ്ടുലക്ഷത്തി രണ്ടായിരത്തി തൊള്ളായിരത്തി എണ്‍പത്തേഴ്) രൂപയാണ്.

കരാറുകാരനായ കെ. പ്രദിപിന് തുക അനുവദിച്ച്‌ ജൂണ്‍ 30ന് പൊതുഭരണ (ഹൗസ് കീപ്പിങ് സെല്‍ ) വകുപ്പില്‍ നിന്ന് ഉത്തരവിറങ്ങി. സെക്രട്ടേറിയേറ്റ് സൗത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മന്ത്രി ആന്റണി രാജുവിന്റെ ഓഫിസ്. വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ ഓഫിസില്‍ കര്‍ട്ടന്‍ സ്ഥാപിച്ചതിന് ചെലവായത് 83,932 രൂപയായിരുന്നു. കര്‍ട്ടന്‍ സ്ഥാപിച്ചതിന് കരാറുകാരനായ കെ. പ്രദിപിന് തുക അനുവദിച്ച്‌ ജൂണ്‍ 27 ന് ഉത്തരവിറങ്ങി. പൊതു ഭരണ ഹൗസ് കീപ്പിങ് സെല്‍ അഡീഷണല്‍ സെക്രട്ടറി പി. ഹണിയാണ് തുക അനുവദിച്ച്‌ ഉത്തരവിറക്കിയത്.

സെക്രട്ടേറിയേറ്റ് നോര്‍ത്ത് സാന്‍ഡ് വിച്ച്‌ ബ്ലോക്കിലെ രണ്ടാം നിലയിലാണ് വൈദ്യുതി മന്ത്രിയുടെ ഓഫിസ്. മന്ത്രിയുടെ ഔദ്യോഗിക വസതി ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ പെരിയാര്‍ റസിഡന്‍സിയാണ്. സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഉള്‍പ്പെടെ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ കര്‍ട്ടന്‍ സ്ഥാപിക്കാന്‍ മുക്കാല്‍ ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവഴിക്കുന്നത്. ഓഫിസില്‍ കര്‍ട്ടന്‍ സ്ഥാപിച്ചതിന് ഇത്രയും തുക ആയെങ്കില്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കര്‍ട്ടന്‍ സ്ഥാപിച്ചതിന് എത്ര തുക ചെലവാക്കി എന്ന ചോദ്യമാണ് ഉയരുന്നത്.

വൈദ്യുത ചാര്‍ജ് അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു. വൈദ്യുതചാര്‍ജ് കൂട്ടാനല്ലാതെ വൈദ്യുതി മന്ത്രിയെ കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ല എന്ന ആക്ഷേപവും ശക്തമാണ്.