പൊലീസ് അയ്യപ്പനെന്ന് വിളിക്കരുത്; സല്യൂട്ട് അടിക്കണം: ഓഫിസിലിരുന്ന് എല്ലാം നിയന്ത്രിക്കുന്ന ഐ.പി.എസ് പുലികൾ ശബരിമല കുളമാക്കുന്നു: ബഹ്‌റയെയും സംഘത്തെയും അഴിച്ചു വിട്ട പിണറായിയെ കാത്തിരിക്കുന്നത് മുട്ടൻ പണി
സ്വന്തം ലേഖകൻ
പമ്പ: മാധ്യമങ്ങളെയും ഭക്തൻമാരെയും വഴിയിലെല്ലാം തടഞ്ഞ്, അയ്യപ്പൻമാരെ പരമാവധി വലച്ച ശബരിമലയിലെ പൊലീസ് ഓപ്പറേഷൻ സർക്കാരിന്റെ സമനില തെറ്റിക്കുന്നു. എല്ലാം തകർക്കാൻ ശേഷിയുള്ള നിയന്ത്രണങ്ങളുമായി സർക്കാരിന്റെ മൗനാനുമതിയോടെ ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ പൊലീസ് പടയുടെ തന്ത്രങ്ങൾ കേരള സർക്കാരിനെ കൊണ്ടു ചാടിക്കുന്നത് കൂട്ടക്കുഴപ്പത്തിലേയ്ക്ക്. ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ, ദേവസ്വം ബോർഡിന്റെ വരുമാനത്തെയും ഭക്തരുടെ സുഗമമായ ദർശനത്തെയും പോലും ബാധിച്ചു തുടങ്ങിയിട്ടുമുണ്ട്. പൊലീസ് സേനയിൽ തന്നെ കടുത്ത അതൃപ്തിയാണ് ബഹ്‌റയുടെയും സംഘത്തിന്റെയും ഈ നിയന്ത്രണത്തിനെതിരെയുള്ളത്.
ശബരിമല നട തുറന്ന വെള്ളിയാഴ്ച സന്നിധാനത്തേയ്ക്ക് ലക്ഷക്കണക്കിന് ഭക്തരാണ് എത്തിയത്. ഇവരിൽ 90 ശതമാനത്തിനു മുകളിലും തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരായിരുന്നു. ഇവരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വൻ നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയത്. ഇത് ശബരിമലയെ സാരമായി ബാധിക്കുമെന്ന് ആദ്യ ദിവസം തന്നെ വ്യക്തമായി.
വെള്ളിയാഴ്ച വൈകിട്ട് ഹരിവരാസനം പാടി നട അടയ്ക്കുമ്പോൾ, സന്നിധാനത്ത് നിന്നിരുന്ന തീർത്ഥാടകരോട് മടങ്ങിപ്പോകാനായിരുന്നു ആദ്യം പൊലീസ് സംഘത്തിന്റെ നിർദേശം. നെയ്യഭിഷേകത്തിന്റെ കൂപ്പണുകളുമായി അടക്കം ഇവർ സന്നിധാനത്തും വലിയ നടപ്പന്തലിലുമായി നിന്ന് കേണപേക്ഷിച്ചിട്ടും കാക്കിധാരികളായ പൊലീസുകാരുടെ മനസലിഞ്ഞില്ല. എല്ലാവരെയും സന്നിധാനത്ത് നിന്നു പുറത്താക്കുമെന്നും, നട അടച്ച ശേഷം ആരെയും ഇവിടെ തുടരാൻ അനുവദിക്കില്ലെന്നുമായിരുന്നു പൊലീസിന്റെ കടുംപിടുത്തം. ഇതേ തുടർന്ന് സന്നിധാനത്ത് പല തവണ വാക്കേറ്റവും, തർക്കവും ഉണ്ടാകുകയും ചെയ്തു. ഇതിനിടെ പല തവണ സ്ഥിതിഗതികൾ കൈവിട്ട് പോകുമെന്ന അവസ്ഥയെത്തി. എന്നാൽ, ക്രമസമാധാനം കൈകാര്യം ചെയ്ത് പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ കൃത്യ സമയത്ത് ഇടപെട്ട് പ്രശ്‌നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കുകയായിരുന്നു. ഇതിനിടെ പമ്പയിലും സമാന രീതിയിൽ ഭക്തരെ തടയുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരുന്നത്. രാത്രിയിൽ ഒരാളെ പോലും മലകയറാൻ പൊലീസ് അനുവദിച്ചതേയില്ല.
പൊലീസിന്റെ അനാവശ്യമായ ഇടപെടൽ പമ്പയെ യഥാർത്ഥത്തിൽ കലുഷിത ഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. ശബരിമലയിൽ ഏതു നിമിഷവും സംഘർഷം ഉടലെടുക്കാവുന്ന സ്ഥിതിയായി. സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാൻ സാധിക്കാത്ത സർക്കാർ അവരെ വരിഞ്ഞു മുറുക്കുന്ന രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു വരി പോലും ഭക്തരെ അനങ്ങാൻ അനുവദിക്കാതെ, സന്നിധാനത്തിന്റെ നിയന്ത്രണം തങ്ങളുടെ പക്കലാണെന്ന് അവകാശപ്പെടുന്ന പൊലീസ് എല്ലാ ഭക്തരെയും സമരക്കാരെന്ന കണ്ണിലൂടെ മാത്രമാണ് കാണുന്നത്. സ്ത്രീകൾക്ക് വിവേചനം ഒഴിവാക്കാനുള്ള സുപ്രീം കോടതി വിധിയുടെ മറവിൽ സ്ത്രീകളെയും പുരുഷൻമാരെയും ഒരു പോലെ മുൾമുനയിൽ നിർത്തുകയാണ് ഇപ്പോൾ പൊലീസ്.
ക്രമസമാധാനം കടലാസിൽ മാത്രം കൈകാര്യം ചെയ്ത് പരിചയമുള്ള ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരുടെ വിക്രിയകളാണ് ശബരിമലയെ ഇപ്പോൾ പ്രശ്‌ന ഭൂമിയാക്കുന്നത്. ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ നിർദേശം അനുസരിച്ച് എ.ഡി.ജി.പിമാരായ അനിൽകാന്തും, എസ്.അനന്തകൃഷ്ണനുമാണ് ഇപ്പോൾ സന്നിധാനത്തെ ക്രമസമാധാന പരിപാലന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത് തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പാണെന്നാണ് വ്യക്തമാകുന്നത്. മറ്റ് ആരാധനലായങ്ങളിലേതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ശബരിമലയിലെ സ്ഥിതിയെന്ന് മനസിലാക്കാതെയാണ് ഈ എഡിജിപിമാർ സുരക്ഷാ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ പന്ത്രണ്ട് എസിപിമാർ ഡ്യൂട്ടിയിലുണ്ട്. ഇവരിൽ ആറു പേരെങ്കിലും നേരിട്ട് ഐ.പി.എസ് ലഭിക്കാത്ത എസ്പിമാരാണ്. ഇവർക്ക് ക്രമസമാധാനം പരിപാലനം ചെയ്ത് വർഷങ്ങളുടെ പരിചയവുമുണ്ട്. എസ്‌ഐമുതൽ എസ്പി വരെയായി ജോലി ചെയ്ത് പരിചയമുള്ള ഇവരുടെ നിർദേശങ്ങൾ പക്ഷേ, ഫലത്തിൽ ഇതൊന്നും സ്വീകരിക്കുന്നതു പോലുമില്ല. ഇവരിൽ പല എസ്.പിമാരും തുടർച്ചയായ വർഷങ്ങളിൽ സന്നിധാനത്തും പമ്പയിലും ജോലി ചെയ്തിട്ടുള്ളവരുമാണ്. എന്നാൽ, ഇവരുടെ പദ്ധതികളെ ഒന്നും സ്വീകരിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ഇതാണ് ശബരിമലയെ യഥാർത്ഥത്തിൽ കലാപ ഭൂമിയാക്കി മാറ്റുന്നത്.
ശബരിമലയുടെ ആത്മീയമായ അന്തരീക്ഷം തകർക്കാനുള്ള പൊലീസ് സേനയിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിന് സർക്കാർ യഥാർത്ഥത്തിൽ കൂട്ട് നിൽക്കുകയാണ്. ഇതാണ് ശബരിമല ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നവും. ലക്ഷക്കണക്കിന് ഭക്തർ ചുരുങ്ങിയ കാലം കൊണ്ട് എത്തുന്ന ശബരിമല പോലെ ഒരു ക്ഷേത്രത്തിൽ ഇത്തരത്തിലുള്ള നിയന്ത്രങ്ങൾ പ്രയോഗികമാകില്ലെന്ന് പൊലീസുകാർ തിരിച്ചറിയുന്നുമില്ല. പ്രശ്‌നങ്ങൾ ഒഴിവാക്കാൻ അടിച്ചേൽപ്പിക്കുന്ന ഈ നിയന്ത്രങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ.
സംഘർഷ സാധ്യത കണക്കിലെടുത്ത് രണ്ട് ഐജിമാരെയാണ് നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമായി ക്രമസാധാന ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഇവർ തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ അനാവശ്യമായി മാധ്യമങ്ങളെ നിലയ്ക്കലിലും പമ്പയിലും അടക്കം തടഞ്ഞ് അനാവശ്യമായ വിവാദങ്ങൾക്ക് തുടക്കമിട്ടത്. സന്നിധാനത്ത് ഐ.ജി വിജയ് സാഖറെയും, പമ്പയിലും നിലയ്ക്കലിലും ഐജി മനോജ് എബ്രഹാമുമാണ് ചുമതല വഹിക്കുന്നത്.