
2011- 16 വരെ ഒരു ദുരന്തവും കേരളത്തിൽ ഉണ്ടായില്ല, എന്നാൽ യുഡി എഫ് ഭരണം എന്ന ദുരന്തം സംഭവിച്ചു; യുഡിഎഫിനെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
ആലപ്പുഴ: യുഡിഎഫിനെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2011- 16 വരെ ഒരു ദുരന്തവും കേരളത്തിൽ ഉണ്ടായില്ല. എന്നാൽ, യുഡി എഫ് ഭരണം എന്ന ദുരന്തം സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാഷണൽ ഹൈവേ നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. എൽഡിഎഫ് അത് നടപ്പാക്കി. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം ഇതാണ്. ഇപ്പോൾ എല്ലാം ഭംഗിയായി നടക്കുന്നില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിൽ സിപിഎം കുതിച്ചുയരും. സമ്മേളനത്തിന്‍റെ പൊതു വികാരം അതായിരുന്നു. ആരോഗ്യപരമായ ചർച്ചകളാണ് സമ്മേളനത്തിൽ നടന്നത്. ഒരു തരത്തിലുമുള്ള അനാരോഗ്യ പ്രവണതയും സമ്മേളനത്തിലുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടനയ്ക്ക് അഭിമാനിക്കാവുന്ന സമ്മേളനം ആണ് നടന്നത്. മുൻപ് പാർട്ടിക്കകത്ത് വിവിധ തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുവഴി വലതുപക്ഷ മാധ്യമങ്ങൾ ഈ പാർട്ടിയെ തകർക്കാം എന്ന് മോഹിച്ചു നടന്നിരുന്നു. എന്നാൽ, തെറ്റായ പ്രവണത തിരുത്തി മുന്നോട്ട് പോകാൻ പാർട്ടിക്ക് സാധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഇടതിന് ആശങ്കയുണ്ടാക്കുന്നു. വലതുപക്ഷ ശക്തികൾ രൂക്ഷമായ ആക്രമണം അഴിച്ചു വിടുന്നു. ഇടതുപക്ഷത്തിന് മാത്രമേ രാജ്യത്ത് നടപ്പായിവരുന്ന തെറ്റായ കാര്യങ്ങളെ എതിർക്കാനാകൂ.
ഏതോ കാലത്ത് സമ്മേളനം നടത്തുന്ന പാർട്ടികളെ ജനാധിപത്യ പാർട്ടികൾ എന്നു പറയുന്നു. കൃത്യമായ ഇടവേളയിൽ സമ്മേളനവും തിരഞ്ഞെടുപ്പും നടത്തുന്ന സിപിഎമ്മിനെ ജനാധിപത്യ പാർട്ടി എന്നു വിളിക്കുന്നില്ല. കൃത്യമായ ജനാധിപത്യ പ്രക്രിയ നടത്തുന്ന സിപിഎമ്മിനെ അങ്ങനെ വിശേഷിപ്പിക്കാൻ മടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു