
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഐഎമ്മിന്റെ സമുന്നത നേതാവ് എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന.
പാര്‍ട്ടിയുടെ ഇരുപത്തിമൂന്നാം കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് കൊണ്ടിരിക്കെയാണ് ജോസഫൈന് ഹൃദയാഘാതമുണ്ടായത്. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ജനങ്ങള്‍ക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ച നേതാവാണ് ജോസഫൈന്‍ എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാര്‍ത്ഥി-യുവജന- മഹിളാ പ്രസ്ഥാനങ്ങളില്‍ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിധ്യമുണ്ട്. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തത്.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ നേതാവ്, വനിതാ കമീഷന്‍ അധ്യക്ഷ എന്നീ നിലകളിലുള്ള ജോസഫൈന്റെ ഇടപെടലുകള്‍ സ്ത്രീ സമൂഹത്തിന് നീതി ഉറപ്പാക്കുക, പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം ഊന്നിയുള്ളതായിരുന്നു. വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാവ്, വനിതാ വികസന കോര്‍പറേഷന്റെയും വിശാലകൊച്ചി വികസന അതോറിറ്റിയുടെയും നായിക എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകളാണ് അവര്‍ നല്‍കിയത്.
ജോസഫൈന്റെ വേര്‍പാട് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങള്‍ക്കും കനത്ത നഷ്ടമാണുണ്ടാക്കുന്നത്. സഖാവിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇന്ന് ഉച്ചയോടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്‍ അന്തരിച്ചത്. 74 വയസായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ജോസഫൈന് ഇന്നലെയാണ് ഹൃദയാഘാതമുണ്ടായത്.
വൈകുന്നേരം സമ്മേളന വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെൻ്റിലേറ്ററിലായിരുന്നു. നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈന്‍ ചികിത്സ തേടിയിരുന്നു.



