പിണറായി സർക്കാർ ജീവനക്കാർക്ക് നൽകിയത് എട്ടിന്റെ പണി: പിണറായിയുടെ പണിയിൽ ശമ്പളം കുറഞ്ഞത് ആറ് ഐഎഎസുകാർ അടക്കം 264 ജീവനക്കാർക്ക്; ഉഴപ്പിയവർക്ക് വിരലിൽ തൊട്ട് എട്ടിന്റെ പണി കൊടുത്ത് സർക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ട്രെയിൻ മിസായി, ബസ് ബ്ലോക്കിൽ കുടുങ്ങി, യൂണിയൻ മീറ്റിങുണ്ടായിരുന്നു.. ഇങ്ങനെ തൊടുനായങ്ങൾ പറഞ്ഞ് സർക്കാരിനെയും നാട്ടുകാരെയും പറ്റിച്ച് കറങ്ങി നടന്നിരുന്ന ജീവനക്കാർക്ക് പിണറായി വിജയൻ കൊടൂത്തത് എട്ടിന്റെ പണി.
സെക്രട്ടറിയേറ്റിൽ പഞ്ചിംങ് ഏർപ്പെടുത്തിയതോടയൊണ് ജീവനക്കാർക്ക് ശമ്പളത്തിൽ കുറവുണ്ടായി തുടങ്ങിയത്. 264 ജീവനക്കാരുടെ ശമ്പളമാണ് പഞ്ചിങ്ങിലൂടെ മാത്രം കുറവ് വരുന്നത്. സർക്കാർ ജീവനക്കാരുടെയും, രാഷ്ട്രീയ വ്യത്യാസമില്ലാതെ യൂണിയനുകളുടെയും എതിർപ്പ് മറികടന്നാണ് പിണറായി വിജയൻ സെക്രട്ടറിയേറ്റിൽ പഞ്ചിംങ് ഏർപ്പെടുത്തിയത്. ശമ്പളം മുടങ്ങിയവരിൽ 6 പേർ ഐഎഎസ് ഉദ്യോഗസ്ഥരും 28 പേർ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽപ്പെട്ടവരുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകി ഡ്യൂട്ടിക്കെത്തിയവരുടെയും നേരത്തേ പോയവരുടെയും അവധിയെടുക്കാതെ ഓഫിസിൽ നിന്നു വിട്ടു നിന്നവരുടെയുമാണ് ശമ്പളം പിടിച്ചുവച്ചത്. സെക്രട്ടേറിയറ്റിൽ ശമ്പളവും ഹാജരുമായി ബന്ധിപ്പിച്ച ശേഷമുള്ള ആദ്യ വേതനത്തിലാണ് ഈ കണക്കുകൾ തെളിഞ്ഞത്.
വൈകി വരുന്നതും നേരത്തെ പോകുന്നതും ശമ്ബളത്തിൽ പ്രതിഫലിക്കുമെന്നു വന്നതോടെ ഫ്ളെക്സി ടൈം എന്ന പഴയ ഏർപ്പാട് തിരികെ കൊണ്ടു വരണമെന്ന ആവശ്യവുമായി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായി ഹാജർ രേഖപ്പെടുത്താത്തവരുടെ ശമ്പളം തടഞ്ഞു വയ്ക്കുകയോ അവധിയായി കണക്കാക്കുകയോ ചെയ്യുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഇത് പലരുംഗൗരവത്തിലെടുത്തിരുന്നില്ല.
ഒന്നാം തീയതി ശമ്പളം കിട്ടാതായതോടെയാണു മിക്ക ജീവനക്കാരും അവധി ക്രമീകരിക്കാൻ നീക്കം തുടങ്ങിയത്. വെള്ളിയാഴ്ച പ്രത്യേക അപേക്ഷ നൽകി അവധി ക്രമീകരിച്ച ശേഷം ചിലർ ശമ്പളം കൈപ്പറ്റി.
സെക്രട്ടേറിയറ്റിലെ പ്രവൃത്തി സമയം രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണെങ്കിലും സ്വന്തം സൗകര്യമനുസരിച്ചു നേരത്തേ ജോലിക്കെത്തി 7 മണിക്കൂർ ജോലി ചെയ്ത ശേഷം നേരത്തേ മടങ്ങാൻ മുൻപ് സൗകര്യമുണ്ടായിരുന്നു. കഴിഞ്ഞ മേയിൽ ഇതു നിർത്തലാക്കി.
പകരം വൈകാനും നേരത്തേ പോകാനുമായി ഒരു മാസം ആകെ അനുവദിച്ചിരുന്ന ഗ്രേസ് ടൈം 180 മിനിറ്റിൽ നിന്ന് 300 മിനിറ്റായി വർധിപ്പിച്ചു നൽകി. ഒരു ദിവസം പരമാവധി ഒരു മണിക്കൂർ മാത്രമേ ഗ്രേസ് ടൈം ലഭിക്കൂ.
യാത്രാ സൗകര്യങ്ങൾ കുറവുള്ള പലർക്കും കൃത്യനിഷ്ഠ പാലിക്കാൻ കഴിയാറില്ലെന്നും ഫ്ളെക്സി ടൈം സൗകര്യം തിരിച്ചു കൊണ്ടുവന്നാൽ ശമ്പള നഷ്ടം പരിഹരിക്കാമെന്നുമാണ് സംഘടനകളുടെ പക്ഷം. എന്നാൽ ഇത് അംഗീകരിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.