വിദേശ സന്ദർശനം വിജയകരമെന്ന് മുഖ്യമന്ത്രി: 200 കോടിയുടെ നിക്ഷേപം, ജാപ്പനീസ് മേയർമാർ കേരളത്തിലേയ്ക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദേശ സന്ദർശനം വിജയകരമെന്ന് മുഖ്യമന്ത്രി. ജപ്പാൻ, കൊറിയ രാജ്യങ്ങളിലെ സന്ദർശനം വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ യാത്ര നടത്തിയപ്പോഴൊക്കെ വിജയമുണ്ടായിട്ടുണ്ടെന്നും യുവജനങ്ങളെ മുന്നിൽ കണ്ടാണ് യാത്ര നടത്തിയത് എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ജപ്പാനിൽ നിന്ന് 200 കോടിയുടെ നിക്ഷേപം ഉറപ്പാക്കാനായി.
ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെ കുറിച്ച് നല്ല മതിപ്പാണ്. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനുളള തെളിവാണിത്. വിദ്യാഭാസ്യം, ആരോഗ്യം അടക്കമുളള മേഖലകളിൽ കേരളത്തിന് ഗുണം ചെയ്തുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നീറ്റ ജലാറ്റിൻ കമ്പനി കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തും. തോഷിബ കമ്പനിയുമായി ഉടൻ കരാർ ഒപ്പിടും. ടൊയൊട്ട കമ്പനിയുമായും കരാറിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022 ആകുമ്പോഴേക്ക് 10 ലക്ഷം വാഹനങ്ങൾ നിരത്തിലിറക്കുക എന്നതാണ് നയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാപ്പനീസ് മേയർമാരുടെ ഒരു സംഘം ഉടനെ കേരളം സന്ദർശിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാപ്പനീസ് സർവ്വകലാശാലകളുമായി സഹകരിക്കും. സമുദ്രോത്പന്ന ഭക്ഷ്യ സംസ്‌ക്കരണ മേഖലയിൽ നിക്ഷേപം നടത്തുമെന്നും അതിന് കൊറിയൻ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐടി, ചെറുകിട വ്യവസായ മേഖലകളിലും കമ്പനികൾ നിക്ഷേപത്തിന് താൽപര്യം അറിയിച്ചു. എത്രയാണ് വിദേശ യാത്രയുടെ ചിലവെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരുന്ന ജനുവരിയിൽ കൊച്ചിയിൽ നിക്ഷേപ സംഗമം സംഘടിപ്പിക്കും. ഹൈസ്പീഡ് റെയിൽവേയുമായി ബന്ധപ്പട്ട് ഹ്യൂണ്ടായ്, ജെയ്ക്ക കമ്പനികളുമായി ചർച്ച നടത്തി. വിമർശനങ്ങൾക്ക് ഇപ്പോൾ മറുപടി പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്രയിലൂടെ ധൂർത്തടിക്കുകയാണെന്ന് പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ യാത്രയുടെ നേട്ടങ്ങൾ മുഖ്യമന്ത്രി അക്കമിട്ട് നിരത്തിയത്.