play-sharp-fill
വിമാനത്തിൽ പക്ഷിയിടിച്ചു ; പൈലറ്റ് അതിസാഹസികമായി വിമാനം നിലത്തിറക്കി

വിമാനത്തിൽ പക്ഷിയിടിച്ചു ; പൈലറ്റ് അതിസാഹസികമായി വിമാനം നിലത്തിറക്കി

സ്വന്തം ലേഖിക

ന്യൂഡൽഹി: വ്യോമസേന വിമാനത്തിൽ പക്ഷിയിടിച്ചുണ്ടായ അപകടത്തിൽ നിന്നും വ്യോമസേന പൈലറ്റ് അതിസഹാസികമായി രക്ഷപ്പെട്ടു. വ്യോമസേനയുടെ ജാഗ്വാർ വിമാനത്തിൽ പരിശീലനപറക്കൽ നടത്തുന്നതിനിടെയാണ് അപകടം നടന്നത്. എന്നാൽ പക്ഷി ഇടിച്ചതിനെ തുടർന്ന് യന്ത്രത്തകരാർ സംഭവിച്ച വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. എന്നാൽ സമയോജിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവാക്കിയ യുവ പൈലറ്റിനെ പ്രശംസിക്കുകയാണ് വ്യോമസേന.യന്ത്രതകരാറിനെ തുടർന്ന് ഇന്ധന ടാങ്കും പരിശീല ബോംബുകളും വിമാനത്തിൽനിന്നും വേർപെടുത്തിയാണ് പൈലറ്റ് അപകടം ഒഴിവാക്കിയത്. കൂടാതെ ഇന്ധന ടാങ്കും ബോംബുകളും ജനവാസമില്ലാത്ത മേഖലയിൽ ഉപേക്ഷിക്കുകയുമായിരുന്നു.വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ അംബാല വ്യോമകേന്ദ്രത്തിലായിരുന്നു സംഭവം. വ്യോമകേന്ദ്രത്തിൽനിന്നും വിമാനം പറന്നുയർന്ന ഉടനെ പക്ഷി ഇടിച്ചു. ഇതോടെ വിമാനത്തിൻറെ ഒരു എൻജിൻ തകരാറിലാവുകയായിരുന്നു. ഉടൻ തന്നെ മനസാന്നിധ്യം നഷ്ടപ്പെടാതെ പൈലറ്റ് അധിക ഇന്ധന ടാങ്കും 10 കിലോ ഭാരമുള്ള ബോംബ് പോഡുകളും വിമാനത്തിൽനിന്നും വേർപെടുത്തി ഉപേക്ഷിക്കുകയായിരുന്നു. റൺവേയുടെ സമീപത്തെ കുറ്റിക്കാട്ടിലാണ് ഇവ വീണത്. ഇതോടെ വലിയ സ്‌ഫോടനത്തോടെ തീ പടർന്നു. തുടർന്ന് അംബാല വ്യോമകേന്ദ്രത്തിൽ തന്നെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കുകയും ചെയ്തു.