
മുട്ടം: തിരുമ്മുചികിത്സയുടെ മറവില്‍ കിടപ്പുരോഗിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസില്‍ പ്രതിക്ക് 10 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ.
കോതമംഗലം കവളങ്ങാട് കല്ലിങ്കല്‍ ഷിബു ആന്റണി(42)യെയാണ് തൊടുപുഴ അഡിഷണല്‍ സെഷൻസ് ജഡ്ജി ലൈജമോള്‍ ഷെരീഫ് ശിക്ഷിച്ചത്. 2013-ലാണ് ഈ ക്രൂരകൃത്യം നടന്നത്.
ശാന്തമ്ബാറ സ്വദേശിനിയായ അതിജീവിത അരയ്ക്ക് താഴേക്ക് സ്വാധീനമില്ലാത്തയാളാണ്. നിർധന കുടുംബാംഗമായ ഇവരെ തിരുമ്മുചികിത്സയിലൂടെ സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് ഷിബു ആന്റണി അടുത്തുകൂടിയത്. അതിജീവിതയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു ഇയാള്‍ അവരെ ഉപദ്രവിച്ചത്.
യുവതി ഗർഭിണിയായപ്പോള്‍ വിവാഹം കഴിച്ച് സംരക്ഷിക്കാമെന്ന് ഷിബു ആന്റണി അതിജീവിതയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചു. തുടർന്ന് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ചശേഷം പണവുമായി എത്താമെന്ന് പറഞ്ഞ് ഇയാള്‍ കടന്നുകളയുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ 2014 ഫെബ്രുവരി മൂന്നിന് അമ്മയെ കാണാനെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിജീവിതയുടെയും സാമൂഹ്യപ്രവർത്തകയായ അങ്കണവാടി ജീവനക്കാരിയുടെയും മൊഴികളാണ് കേസില്‍ നിർണായകമായത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. അഭിലാഷാണ് അതിജീവിതയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായത്.
ശാന്തൻപാറ എസ്‌എച്ച്‌ഒമാരായ ടി.എ. യൂനുസ്, സി.ആർ. പ്രമോദ് എന്നിവരാണ് കേസ് അന്വേഷിച്ചത്. അരയ്ക്ക് താഴേക്ക് സ്വാധീനമില്ലാത്ത, നിർധനയായ ഒരു സ്ത്രീക്ക് നേരെയുണ്ടായ ഈ അതിക്രമത്തിന് ലഭിച്ച ശിക്ഷ നീതിന്യായ വ്യവസ്ഥയുടെ ഗൗരവകരമായ ഇടപെടലിന്റെ തെളിവായി മാറുന്നു.



