പതിനേഴുകാരിയുടെ മരണത്തിൽ കരാട്ടെ അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്
സ്വന്തം ലേഖകൻ
കോഴിക്കോട്: പതിനേഴുവയസുകാരിയുടെ മരണത്തിൽ കരാട്ടെ അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്.
ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി.സിദ്ദീഖ് അലിയെ (43) പോക്സോ നിയമപ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതി മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും വേറെ രണ്ട് പോക്സോ കേസുകളിൽ പ്രതിയാണെന്നും മരിച്ച പെൺകുട്ടിയുടെ സഹോദരിമാർ വെളിപ്പെടുത്തിയിരുന്നു.
ഇയാൾക്കെതിരെ പോക്സോ കേസ് നൽകാനിരിക്കെ ആയിരുന്നു പെൺകുട്ടിയെ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പരാതി. പെൺകുട്ടി ഒരിക്കലും ജീവനൊടുക്കില്ലെന്നും കടുത്ത മനപ്രയാസമുണ്ടായിരുന്നെങ്കിലും നീതിക്കായി പോരാടാൻ അവൾ തീരുമാനിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു.
പീഡനത്തേക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റു പറഞ്ഞതായും സഹോദരിമാർ വെളിപ്പെടുത്തി. അതേസമയം, ആരോപണ വിധേയനായ കരാട്ടെ അധ്യാപകൻ ഒരു പോക്സോ കേസിൽ അറസ്റ്റിലാവുകയും പിന്നീട് റിമാൻഡിലാവുകയും ചെയ്തിരുന്നതായാണ് വിവരം.
ഈ കേസിൽ ഇയാൾ പിന്നീട് പുറത്തിറങ്ങി. താൻ നേരിട്ട പീഡനങ്ങളേക്കുറിച്ച് പെൺകുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫിസിലേക്ക് പരാതി അയച്ചിരുന്നു. ഇത് കൊണ്ടോട്ടി പൊലീസിനു കൈമാറിയതിനെ തുടർന്ന് അവർ മൊഴിയെടുക്കാൻ വന്നെങ്കിലും പെൺകുട്ടി സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ലെന്നു പറയുന്നു. പത്താം ക്ലാസിൽ മികച്ച മാർക്കോടെ വിജയിച്ച പെൺകുട്ടി, പ്ലസ് വണ്ണിൽ പഠനം ഇടയ്ക്കു നിർത്തിയിരുന്നു.
ഇതിനിടെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ പെൺകുട്ടിയെ കാണാതായത്.