video
play-sharp-fill

പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലില്‍ കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണം; വരുമാന നഷ്ടവും പിരിക്കണം; സർക്കാർ തുടർ നടപടി സ്വീകരിക്കണമെന്ന കർശന നിർദേശവുമായി ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലില്‍ കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണം; വരുമാന നഷ്ടവും പിരിക്കണം; സർക്കാർ തുടർ നടപടി സ്വീകരിക്കണമെന്ന കർശന നിർദേശവുമായി ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലില്‍ കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. വരുമാന നഷ്ടവും നന്നാക്കാനുള്ള തുകയും നശിപ്പിച്ചവർ തന്നെ നൽകണമെന്നും സംസ്ഥാന സർക്കാർ തുടർനടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് ഇന്നലെ സംസ്ഥാനവ്യാപകമായി പോപ്പുലർ ഫ്രണ്ട് അക്രമികൾ അഴിഞ്ഞാടിയത്.

ഇന്നലെ 70 കെഎസ്ആർടിസി ബസുകൾ ഹർത്താൽ അനുകൂലികൾ തകർത്തുവെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട്‌ നൽകിയിരുന്നു. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർത്താലിനിടെ തകർന്നവയിൽ ലോ ഫോഫ്ലോർ എസി ബസും കെ-സ്വിഫ്റ്റ് ബസുകളും ഉൾപ്പെടുന്നു. 11 കെഎസ്ആർടിസി ജീവനക്കാർക്ക് കല്ലേറിൽ പരുക്കേറ്റു. കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് മാറ്റുന്നതിനു 8,000 രൂപയും എസി ലോഫ്ലോർ ബസിന് 40,000 രൂപയും കെ-സ്വിഫ്റ്റ് ബസിന് 22,000 രൂപയും ചെലവാകും. ഈ ബസുകൾ ശരിയാക്കി പുറത്തിറങ്ങണമെങ്കിൽ കുറഞ്ഞത് 2 ആഴ്ചയെടുക്കുമെന്ന് അധികൃതർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ 5.5 കോടി രൂപയാണ് കെഎസ്ആർടിസിയുടെ കലക്‌ഷൻ. 3.3 കോടിയാണ് ഇന്ധന ചെലവ്. 1360 ഷെഡ്യൂളുകളാണ് ഹർത്താൽ ദിനത്തിൽ 5 മണിവരെ ഓപ്പറേറ്റ് ചെയ്തത്.

കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനു തൊട്ടുമുൻപ് കോടതിയിലുണ്ടായിരുന്ന അഡ്വക്കറ്റ് ജനറൽ (എജി) ആണ് സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾക്കെതിരെ ഉണ്ടായ അതിക്രമത്തെക്കുറിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ശ്രദ്ധയിൽപെടുത്തിയത്.

വിഷയത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ കോടതി, കെഎസ്ആർടിസിയെ തൊട്ടുകളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്ന് പറഞ്ഞു. ശരിയായ ചിന്തയുള്ളവർ ഇത്തരം അക്രമം നടത്തില്ല. ഈ നാട്ടിൽ നിയമമുണ്ട്. നിയമത്തിൽ ഭയമില്ലാത്തവരാണ് അതിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇതിനു പിന്നാലെയാണ് നഷ്ടം നശിപ്പിച്ചവരിൽ നിന്ന് തന്നെ ഈടക്കണമെന്ന് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.